കരുത്താര്‍ന്ന സിനിമകള്‍ ചെയ്തതുകൊണ്ടു തന്നെ ലെനയ്ക്ക് ബോള്‍ഡ് നായികയുടെ ഇമേജാണ്. ഒറ്റയ്ക്ക് ജീവിക്കുന്ന ഒരുപാട് യാത്ര ചെയ്യുന്ന ആളെന്ന നിലയിലുമാണ് പലരും അങ്ങനെ വിശേഷിപ്പിക്കുന്നതെന്നാണ് ലെന പറയുന്നത്.
‘’സ്പിരിറ്റിലെ പൊലീസ് ഓഫീസറുടെ വേഷം ചെയ്തതിന് ശേഷമാണ് പലരും എന്നെ ബോള്‍ഡെന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങിയത്. ഒറ്റയ്ക്ക് ജീവിക്കുന്ന, ഒറ്റയ്ക്ക് ഒരുപാട് യാത്ര ചെയ്യുന്ന ആളെന്ന നിലയ്ക്കും എന്നെക്കുറിച്ച് ബോള്‍ഡെന്ന് പറയാറുണ്ട്. പക്ഷേ ഞാന്‍ ബോള്ഡാണോയെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. വളരെ സാധാരണ ജീവിതം നയിക്കുന്ന ഒരാളാണ് ഞാന്‍.”” ലെന മനസു തുറക്കുന്നു.
ലെനയുടെ ആദ്യ സിനിമകള്‍ കണ്ടാല്‍ അഭിനയം ഗൗരവമായെടുത്ത ആളായിരുന്നില്ലെന്ന് തോന്നും ?
ശരിയാണ്. ഒട്ടും പരിശ്രമിക്കാതെ സിനിമയിലെത്തിയ ആളാണ് ഞാന്‍. തൃശൂര്‍ ഹരിശ്രീ വിദ്യാനികേതനില്‍ പതിനൊന്നാം ക്ളാസില്‍ പഠിക്കുമ്ബോഴാണ് ജയരാജ് സാറിന്റെ സ്നേഹത്തില്‍ അഭിനയിക്കുന്നത്. ജയറാമേട്ടന്റെ അനിയത്തിയായിട്ട്. പിന്നീട് എം.ടി. വാസുദേവന്‍ നായര്‍ സാറിന്റെ ഒരു ചെറുപുഞ്ചിരി, ജയരാജ് സാറിന്റെ തന്നെ ശാന്തം, ലാല്‍ ജോസ് സാറിന്റെ രണ്ടാംഭാവം, സത്യന് അന്തിക്കാട് സാറിന്റെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍. ഏറ്റവും നല്ല സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കുമ്ബോഴും എനിക്ക് അതിന്റെ വില ഒട്ടുമറിയില്ലായിരുന്നു. ഞാനൊരു നല്ല സ്റ്റുഡന്റായിരുന്നത് കൊണ്ട് ശ്രദ്ധ മുഴുവന്‍ പഠനത്തിലായിരുന്നു. അഭിനയം എനിക്കൊരു സൈഡ് ബിസിനസ് പോലെയും. ബി.എസ്സി സൈക്കോളജിയില്‍ എനിക്ക് റാങ്കുണ്ടായിരുന്നു. ’രണ്ടാംഭാവം” കഴിഞ്ഞപ്പോള്‍ സിനിമയില്‍ ആത്മാര്‍ത്ഥത കാണിക്കാന്‍ കഴിയുന്നില്ലെന്ന് ബോദ്ധ്യമായി. അങ്ങനെ ഞാന്‍ സിനിമ വിട്ടു. മുംബയില്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം ചെയ്തുകൊണ്ടിരിക്കുമ്ബോഴാണ് സിനിമ വിട്ടത് തെറ്റായി പോയെന്ന് മനസിലാകുന്നത്. ഞാന്‍ ശരിക്കും ഒരു ആര്‍ട്ടിസ്റ്റാണ്, സെന്‍സിറ്റീവാണ്. സൈക്കോളജി സത്യത്തില്‍ എന്നെപ്പോലൊരാള്‍ക്ക് പറ്റിയതല്ലെന്നൊക്കെ തോന്നുന്നത് ആ സമയത്താണ്.
സൈക്കോളജി പഠിച്ചത് ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്ക് ഗുണമായോ?
ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്ക് മാത്രമല്ല ഒരു വ്യക്തി എന്ന നിലയ്ക്കും സൈക്കോളജി പഠിച്ചത് ഗുണമായിട്ടേ തോന്നിയിട്ടുള്ളൂ.കോളേജില്‍ പഠിക്കാവുന്ന ഏറ്റവും നല്ല വിഷയമാണ് സൈക്കോളജി.
സിനിമയിലേക്ക് തിരിച്ചു വന്നത് ?
സിനിമ ഒരു വലിയ സംഭവമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സിനിമയിലേക്ക് തിരിച്ചുവരാനുള്ള ശ്രമം തുടങ്ങി. സീരിയലുകള്‍ വഴിയാണ് സിനിമയിലേക്ക് തിരിച്ചുവന്നത്. ’ഓമനത്തിങ്കള്‍പ്പക്ഷി” എന്ന സീരിയല്‍ ഭയങ്കര ഹിറ്റായി. ബിഗ് ബിയിലൂടെയായിരുന്നു രണ്ടാം വരവ്. ഓമനത്തിങ്കള്പ്പക്ഷിയിലെ കാരക്ടര്‍ കണ്ടിട്ടാണ് ബിഗ് ബിയിലേക്ക് വിളിക്കുന്നത്. ആ സിനിമ ശരിക്കും എന്റെ ജീവിതം മാറ്റിമറിച്ചു. അഭിനയത്തോടുള്ള പ്രേമം തുടങ്ങിയത് അവിടെ നിന്നാണെന്ന് പറയാം. മലയാള സിനിമയിലെത്തിയിട്ട് ഇപ്പോള്‍ 22വര്‍ഷമായി. തുടക്കകാലത്ത് അഭിനയമെന്താണെന്ന് അറിയില്ലായിരുന്നു. ഞാന്‍ ബിഹേവ് ചെയ്യുക മാത്രമായിരുന്നു. പക്ഷേ ആ സമയത്ത് സിനിമ അത്രയും വളര്‍ന്നിട്ടുണ്ടായിരുന്നില്ല. നന്നായി അഭിനയിക്കണമെന്നാണ് അന്ന് നമ്മളോട് പറഞ്ഞിരുന്നത്. ഇപ്പോള്‍ ബിഹേവ് ചെയ്താല്‍ മതിയെന്ന അവസ്ഥ വന്നപ്പോള്‍ ഒരാക്ടര്‍ എന്ന നിലയ്ക്ക് ഞാന്‍ എന്നെത്തന്നെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.
ലെനയില്‍ എവിടെയോ ഒരു ’മാന്‍ലി നെസ് ” ആരോപിക്കുന്നവരുണ്ട് ?
അത് ഞാന്‍ ഇന്‍ഡിപ്പെന്‍ഡന്റായി ജീവിക്കുന്നത് കൊണ്ടോ അപ്പിയറന്‍സ് കൊണ്ടോ ആയിരിക്കും. മുടി വെട്ടിയതുകൊണ്ട് ചിലര്‍ക്കങ്ങനെ തോന്നിയിരിക്കാം. ഒരുപക്ഷേ ആത്മരക്ഷയ്ക്കായി ഞാന്‍ ബോധപൂര്‍വം സൃഷ്ടിക്കുന്ന ഒരു ഇമേജും ആയിരിക്കും അത്. അവരോട് മുട്ടണ്ടായെന്ന് ആളുകള്‍ക്ക് തോന്നിക്കോട്ടെ. പക്ഷേ സത്യത്തില്‍ എനിക്ക് അങ്ങനെ ഒരു നിലപാടില്ല. എന്നിലുള്ള ആത്മവിശ്വാസം അത്രയും വളര്‍ന്നത് കൊണ്ടായിരിക്കാം.
സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന ആരോപണത്തെക്കുറിച്ച്?
എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ഓരോരുത്തരുടെ വ്യക്തിപരമായ അനുഭവങ്ങളെ ആശ്രയിച്ചിരിക്കും. എന്നോട് എല്ലാവരും ഒരു കുടുംബാംഗത്തോടെന്നപോലെയാണ് പെരുമാറുന്നത്. എല്ലാവരും എന്റെ സുഹൃത്തുക്കളാണ്..
വിധിയിലും ഭാവിയിലും വിശ്വസിക്കുന്നുണ്ടോ?
‘ഈ നിമിഷത്തില്‍” മാത്രമാണ് എനിക്ക് വിശ്വാസം. ആ തിരിച്ചറിവില്‍ നിന്നാണ് അഹങ്കാരം ഇല്ലാതായത്.
Post Your Comments