തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അസ്മിയക്കും സ്വപ്‌ന സുരേഷിനുമുള്ള പങ്കിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. സ്വര്‍ണം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ ബാഗേജ് അയച്ച സ്ഥലത്തേക്ക് തന്നെ തിരിച്ചയക്കാന്‍ ആവശ്യപ്പെട്ട് എയര്‍ കോര്‍ഗോ വിഭാഗത്തിലെ കസ്റ്റംസ് അസി.കമ്മീഷണര്‍ അറ്റാഷെയുടെ ഇമെയില്‍ സന്ദേശമെത്തി. ജൂലായ് മൂന്നിന് 1.42നാണ് സന്ദേശം വന്നത്.
അറ്റാഷെയുടെ ആവശ്യപ്രകാരം സ്വപ്‌നയാണ് കത്ത് തയ്യാറാക്കി അറ്റാഷെയ്ക്ക് ഇ മെയില്‍ ആയി അയച്ചത്. ഈ കത്ത് അറ്റാഷെ കസ്റ്റംസ് അസി.കമ്മീഷണര്‍ക്ക് അയച്ചുനല്‍കുകയായിരുന്നു. അതിനിടെ, പാഴ്‌സല്‍ അയക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിയത് അറ്റാഷെയാണെന്ന് വ്യക്തമാക്കുന്ന കത്തും കസ്റ്റംസിനു ലഭിച്ചു.സ്വര്‍ണക്കടത്തില്‍ അറ്റാഷെയ്ക്ക് പങ്കുണ്ടെന്ന വിധത്തില്‍ പ്രതികളുടെ മൊഴികള്‍ പുറത്തുവന്നതോടെ അദ്ദേഹം ഞായറാഴ്ച ഡല്‍ഹി വഴി യു.എ.ഇയിലേക്ക് മടങ്ങിപ്പോയിരുന്നു.
അറ്റാഷെയുമായി അന്വേഷണ സംഘത്തിന് കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ യു.എ.ഇ നയതന്ത്ര കാര്യാലയത്തോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് ഇദ്ദേഹം മടങ്ങിയത്. അദ്ദേഹം മനഃപൂര്‍വ്വം നാടുവിട്ടതാണോ അതോ യു.എ.ഇ തിരിച്ചുവിളിച്ചതാണോ എന്ന് സംശയമുണ്ട്.
Post Your Comments