തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗില്‍ സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ കുരുക്കിലേക്ക്. നയതന്ത്ര ബാഗ് അയക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിയത് അറ്റാഷെ ആണെന്ന് വ്യക്തമാക്കുന്ന രേഖ പുറത്തുവന്നു. ദുബായിലെ സ്‌കൈ കാര്‍ഗോ കമ്പനിക്കാണ് അറ്റാഷെ കത്ത് നല്‍കിയത്. തനിക്ക് പകരം ഫൈസല്‍ ഫരീദ് കാര്‍ഗോ അയക്കുമെന്നും ഇദ്ദേഹം വിമാനക്കമ്പനിക്ക് അയച്ച കത്തില്‍ പറയുന്നു. എന്നാൽ കത്തിന്റെ ആധികാരികത വ്യക്തമല്ല. കത്ത് വ്യാജമാണോ എന്നാണ് അന്വേഷിക്കുന്നത്.
യുഎഇയില്‍ നിന്ന് കാര്‍ഗോ അയക്കുന്നതിന് മുമ്പാണ് ഫൈസലിനെ ചുമതലപ്പെടുത്തിയത്. കത്ത് ഫൈസല്‍ തന്നെ വ്യാജമായി നിര്‍മ്മിച്ചതാണോയെന്നും കസ്റ്റംസ് പരിശോധിക്കും.കേസിലെ പ്രതികള്‍ ഇത്തരം കത്തുകളും രേഖകളും വ്യാജമായി നിര്‍മിച്ചിട്ടുണ്ട്. അതിനാലാണ് കസ്റ്റംസ് ഇക്കാര്യം പരിശോധിക്കുന്നത്. എന്നാല്‍ കേസിലെ സുപ്രധാന കണ്ണിയായ അറ്റാഷെ രാജ്യം വിട്ടതോടെ കസ്റ്റംസ് നേരിയ പ്രതിസന്ധി നേരിടുന്നുണ്ട്.
കേസില്‍ വ്യക്തതയുണ്ടാക്കാന്‍ അറ്റാഷെയെയും ചോദ്യം ചെയ്യേണ്ടതായി വരും.അതിനിടെ വിമാനത്താവളത്തില്‍ പിടിച്ചുവെച്ച ബാഗേജ് തിരിച്ചയക്കാന്‍ ആവശ്യപ്പെട്ട് അറ്റാഷെയുടെ നിര്‍ദേശപ്രകാരം സ്വപ്‌ന കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നല്‍കിയ കത്തിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഫൈസല്‍ ഫരീദിനെ പാഴ്‌സല്‍ അയക്കാന്‍ നിയോഗിച്ചത് അറ്റാഷെയാണെന്നാണ് കത്തിലെ സൂചന.
ദുബായില്‍ ഒളിവിലുള്ള പ്രതി ഫൈസല്‍ ഫരിദിനെതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി. കേസില്‍ രണ്ടു പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. കോഴിക്കോട് സ്വദേശികളായ ഷമീം, ജിഫ്‌സല്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്നലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Post Your Comments