Latest NewsKeralaIndia

ഒളിവിലും മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ സ്വപ്‌ന വിളിച്ചു, സ്വര്‍ണ്ണക്കടത്തിലെ മ്യാന്മര്‍ബന്ധവും അന്വേഷിക്കുന്നു

ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാന രാഷ്ട്രീയത്തിലെ 4 മുന്‍ മന്ത്രിമാരും ഭരണഘടനാ പദവികള്‍ വഹിച്ചിരുന്നവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനയാണ് കസ്റ്റംസ് നല്‍കുന്നത്.

കൊച്ചി : പിണറായിയുടെ ആദ്യ മന്ത്രിസഭയിലെ ചില അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ദേശസുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കസ്റ്റംസ്. സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തെ ഇരുട്ടില്‍ നിര്‍ത്തി തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റുമായുണ്ടാക്കിയ വഴിവിട്ട അടുപ്പം ചട്ട വിരുദ്ധമാണെന്നാണ് വിലയിരുത്തല്‍. സ്വര്‍ണമടങ്ങിയ നയതന്ത്ര പാഴ്‌സല്‍ കാർഗോ കോംപ്ലക്‌സില്‍ തടഞ്ഞുവച്ചതു മുതല്‍ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നിരന്തരം വിളിച്ചിരുന്നുവെന്നു കസ്റ്റംസ് ആരോപിച്ചു.

ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാന രാഷ്ട്രീയത്തിലെ 4 മുന്‍ മന്ത്രിമാരും ഭരണഘടനാ പദവികള്‍ വഹിച്ചിരുന്നവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനയാണ് കസ്റ്റംസ് നല്‍കുന്നത്. നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ ഉള്‍പ്പെട്ട 53 പേര്‍ക്കു നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസില്‍ ഈ കേസിനെക്കുറിച്ചു സൂചനയുണ്ട്. ഇതുകൂടാതെ നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ ആയുധവും കടത്തിയെന്ന് കസ്റ്റംസ് സംശയിക്കുന്നു .

ദേശവിരുദ്ധ സ്വഭാവമുള്ള സ്വര്‍ണക്കടത്തിനു പുറമേ വിദേശബന്ധമുള്ള കള്ളപ്പണ ഇടപാടും ആരോപിക്കപ്പെടുന്ന കേസിലെ ‘മ്യാന്മര്‍’ കണക്ഷന്‍ കസ്റ്റംസ് കണ്ടെത്തി കഴിഞ്ഞു. ഈ വിഷയത്തില്‍ എന്‍ ഐഎ പ്രത്യേക അന്വേഷണം നടത്തും. യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് ആയുധ കടത്തില്‍ ബന്ധമുണ്ടോ എന്നും പരിശോധിക്കും. മ്യാന്മര്‍ അതിര്‍ത്തി വഴിയും ഇന്ത്യയിലേക്കു വന്‍തോതില്‍ സ്വര്‍ണം കടത്തിയിരുന്നു അറസ്റ്റിലായ പ്രതികളില്‍ ഒരാളുടെ ഫോണില്‍ മണിപ്പുര്‍ സ്വദേശിയുടെ പേരിലുള്ള സിംകാര്‍ഡ് കണ്ടെത്തിയതാണ് ഈ വിവരം പുറത്തു കൊണ്ടു വന്നത്.

ഇതേ ചാനലിലൂടെ ആയുധവും കടത്തിയെന്നാണ് സംശയം. പ്രതികള്‍ രാജ്യാതിര്‍ത്തി ഭേദിച്ച്‌ ആയുധങ്ങളും കടത്തിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് അടിവരയിടുന്നതാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ കെ.ടി. റമീസിനു വേണ്ടി വന്‍തോതില്‍ കള്ളപ്പണം സ്വരൂപിച്ച മലബാര്‍ സ്വദേശിയാണു മണിപ്പുര്‍ സിംകാര്‍ഡ് വഴി ആശയവിനിമയം നടത്തിയത്. കടത്തിയ ആയുധങ്ങള്‍ കേരളത്തില്‍ എത്തിയോ എന്നും പരിശോധിക്കും.

ഇത്തരത്തിലുള്ള മറ്റൊരു സിംകാര്‍ഡും അതുപയോഗിച്ച മൊബൈല്‍ ഫോണും അറസ്റ്റിലാകും മുന്‍പ് റമീസ് തീയിട്ടു നശിപ്പിച്ചിരുന്നു. സ്വര്‍ണക്കടത്തു പിടിക്കപ്പെട്ട 2020 ജൂണ്‍ 30നും ജൂലൈ 5നുമിടയില്‍ റമീസ് കൂട്ടുപ്രതി സന്ദീപ് നായരെ വിളിച്ച സിംകാര്‍ഡും ഫോണുമാണു നശിപ്പിച്ചത്. ഇതിന് പിന്നിലും തെളിവ് നശീകരണമാണ് എന്നാണു കസ്റ്റംസ് കരുതുന്നത്. റമീസാണ് സ്വപ്‌നയോട് ഒളിവില്‍ പോകാന്‍ നിര്‍ദ്ദേശിച്ചത് എന്നും റിപ്പോർട്ടുണ്ട്. ഇതനുസരിച്ചാണ് അവര്‍ ബംഗളൂരുവില്‍ എത്തിയത്. എന്നാല്‍ അവിടെ വച്ച്‌ പിടിക്കപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button