COVID 19KeralaNattuvarthaLatest NewsNews

പൂച്ച ഇടപെട്ടു, നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസിക്ക് സുഹൃത്തുക്കൾ നൽകിയ കേക്കിൽ കണ്ടെത്തിയത് നിരോധിച്ച പുകയില ഉത്‌പന്നങ്ങൾ

എടപ്പാൾ : വിദേശത്ത് നിന്നെത്തി ക്വാറൻറീൻ കേന്ദ്രത്തിൽ കഴിയുന്ന പ്രവാസിക്ക് കേക്കിൽ ഒളിപ്പിച്ച് ലഹരി വസ്തുക്കൾ എത്തിക്കാൻ ശ്രമം. നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസിയുടെ സുഹൃത്തുക്കൾ നടത്തിയ ഈ വിദഗ്ദനീക്കം പൊളിച്ചത് പൂച്ചയുടെ അപ്രതീക്ഷിത ഇടപെടൽ മൂലം.എടപ്പാൾ ശ്രീവൽസം ക്വാറന്റീൻ കേന്ദ്രത്തിലാണ് സംഭവം നടന്നത്.

ഗൾഫിൽ നിന്നെത്തിയ സുഹൃത്ത് ക്വാറന്റീൻ കേന്ദ്രത്തിൽ ബോറടിച്ച് കഴിയുന്നതിലെ സങ്കടം കൂട്ടുകാർക്ക് സഹിച്ചില്ല. തലപുകഞ്ഞാലോചനക്കൊടുവിൽ കണ്ടെത്തിയ ബുദ്ധിയായിരുന്നു കേക്കിനുള്ളിൽ ലഹരി വസ്തുക്കൾ ഒളിപ്പിച്ച് നൽകാം എന്നത്. ഇതിനായി ബേക്കറി സാധനങ്ങൾക്കൊപ്പം ഒരു കേക്ക് പ്രത്യേകം പറഞ്ഞുണ്ടാക്കി. തുടർന്ന് മുകൾഭാഗത്ത് ഒരുകഷണം തുരന്നെടുത്ത് ഉള്ളിൽ ചെറിയ അറയുണ്ടാക്കി. അതിനുള്ളിൽ നിരോധിച്ച പുകയില ഉത്‌പന്നങ്ങളുടെ പായ്ക്കറ്റുകൾ നിറച്ചു. പരീക്ഷണം വിജയിച്ചാൽ രഹസ്യഅറയിലൂടെ കൂടുതൽ ലഹരി എത്തിക്കാമെന്ന് പദ്ധതിയിടുകയും ചെയ്തു.

എന്നാൽ കേക്ക് ആളുടെ അടുത്തെത്താൻ നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് പൂച്ചയുടെ ഇടപെടൽ ഉണ്ടായത്. കേക്കിന്റെ കുറച്ചുഭാഗം പൂച്ച കടിച്ചതുകണ്ട ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികമാരും ട്രോമാകെയർ വൊളന്റിയർമാരും കേക്ക് മുറിച്ച് പൂച്ചകൾക്കുതന്നെ വീതിച്ചുനൽകാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് കേക്കിനുള്ളിൽനിന്ന് ലഹരിപായ്ക്കറ്റുകൾ പുറത്തായത്. ട്രോമാകെയർ ചങ്ങരംകുളം യൂണിറ്റ് ലീഡർ സാജിത, അജ്മൽ, എന്നിവരായിരുന്നു ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇതോടെ വിവരമറിഞ്ഞെത്തിയ ആരോഗ്യപ്രവർത്തകനായ എൻ. അബ്ദുൾജലീൽ പ്രവാസിക്കും സുഹൃത്തുക്കൾക്കും ശക്തമായ താക്കീതു നൽകിയെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button