തിരുവനന്തപുരം : വിമാനത്താവളം വഴി സ്വര്‍ണക്കടത്താൻ ശ്രമിച്ച കേസിനെ
ചാരക്കേസിനോട് ഉപമിച്ച് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നിലപാട് കോടിയേരി വ്യക്തമാക്കിയിരിക്കുന്നത്. ഇനിയും ഒരു ചാരക്കേസ് ചമയ്ക്കാന്‍ കേരളം അനുവദിക്കില്ലെന്നും കോടിയേരി പറയുന്നു.
ചാരക്കേസ് സൃഷ്ടിച്ച് പണ്ട് ഒരു മുഖ്യമന്ത്രിയെ രാജിവയ്പിച്ച അനുഭവം ഉണ്ട്. അത് കോണ്‍ഗ്രസിലെയും യുഡിഎഫിലെയും കൊട്ടാരവിപ്ലവത്തിന്റെ കാലത്തായിരുന്നു. അതിനുവേണ്ടി ഒരു സ്ത്രീയെയും ഐപിഎസ് ഉദ്യോഗസ്ഥനെയും കേന്ദ്രബിന്ദുവാക്കി കഥകളുണ്ടാക്കി. അതിന്റെ പശ്ചാത്തലത്തിലായിരുന്നു കെ കരുണാകരന്റെ രാജി. അത്തരമൊരു അവസ്ഥ ഇന്ന് ഉണ്ടാകുമെന്ന് കോണ്‍ഗ്രസുകാര്‍ കരുതേണ്ട.
കോവിഡ് പ്രതിരോധത്തില്‍ ലോകമാതൃകയായി കേരളത്തെ നയിക്കുന്ന പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കളങ്കമില്ലാത്ത സര്‍ക്കാരിനെതിരെ കള്ളക്കഥകള്‍ ചമച്ച്, അരാജകസമരം നടത്തി സര്‍ക്കാരിനെ തകര്‍ക്കാമെന്ന് കരുതേണ്ടെന്നും പിണറായി സര്‍ക്കാരിനൊപ്പം പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി ഉണ്ട്. ഇനിയും ഒരു ചാരക്കേസ് ചമയ്ക്കാന്‍ കേരളം സമ്മതിക്കില്ലെന്നും ലേഖനത്തില്‍ കോടിയേരി എഴുതുന്നു.
മോദി സര്‍ക്കാരിന് കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ചട്ടുകമാക്കുന്നതില്‍ അതിവൈഭവമുണ്ടെന്ന് പറഞ്ഞ കോടിയേരി അത് മറക്കുന്നില്ലെന്നും അതുള്ളപ്പോള്‍ തന്നെ കള്ളക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ സ്വാഗതം ചെയ്തത് കേസില്‍ എല്‍ഡിഎഫിനും സര്‍ക്കാരിനും ഭയക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണെന്നും വ്യക്തമാക്കി. സ്വര്‍ണക്കടത്തുകേസില്‍ ആരോപണവിധേയനായ ശിവശങ്കറിനെ കുറിച്ചും ലേഖനത്തില്‍ പരാമര്‍ശമുണ്ട്. ആക്ഷേപവിധേയനായ ശിവശങ്കര്‍ യുഡിഎഫ് ഭരണകാലത്ത് മര്‍മപ്രധാനമായ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. ഭരണശേഷിയുളള ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചതെന്നും എന്നാല്‍ ആക്ഷേപം വന്നയുടനെ ഒരു അന്വേഷണത്തിനും കാത്തുനില്‍ക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പുറത്താക്കാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാട്ടിയെന്നും കോടിയേരി പറയുന്നു.
Post Your Comments