ഡോക്ടര്‍മാരെ നിയമിക്കാതെ വലിയ സ്‌റ്റേഡിയങ്ങളും ഓഡിറ്റോറിയങ്ങളും പ്രാഥമിക കോവിഡ് ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റുന്നതില്‍ കാര്യമില്ലെന്ന് വിദഗ്ദർ

തിരുവനന്തപുരം: ഡോക്ടര്‍മാരെ നിയമിക്കാതെ വലിയ സ്‌റ്റേഡിയങ്ങളും ഓഡിറ്റോറിയങ്ങളും പ്രാഥമിക കോവിഡ് ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റുന്നതില്‍ കാര്യമില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഹോസ്പിറ്റല്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എ വി ജയകൃഷ്ണന്‍. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരെയും വീട്ടില്‍ കഴിയാന്‍ അനുവദിക്കുന്നതാണ് നല്ലത്. പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ എല്ലാത്തരത്തിലുമുള്ള രോഗികളെ ആശുപത്രികളില്‍ ചികിത്സിക്കുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് രോഗവ്യാപനം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ പഞ്ചായത്ത് തലത്തില്‍ പ്രാഥമിക കോവിഡ് ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Read also: ശസ്ത്രക്രിയ്ക്കിടെ ഡോക്ടർമാർക്ക് പറ്റിയ കൈയബദ്ധം: വിട്ടുമാറാത്ത വയറുവേദനയുമായി എത്തിയ ഓട്ടോ ഡ്രൈവറിന്റെ വയറിൽ കണ്ടത് കത്രിക

കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ വരുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിഭാരം കൂടും. ആറായിരത്തോളം ഡോക്ടര്‍മാരാണ് കോവിഡ് ചികിത്സാ രംഗത്തുള്ളത്. ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ സെന്ററുകളിലും, സ്രവപരിശോധന സംഘത്തിലും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെ പരിശോധിക്കുന്നതിനും ആണ് ഇവരെ നിയമിച്ചിരിക്കുന്നത്. പുതിയ ഫസ്റ്റ്‌ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ വരുമ്ബോള്‍ അവിടെ ഡോക്ടര്‍മാര്‍ വേണമെങ്കില്‍ സര്‍ക്കാര്‍ പുതിയ നിയമനം നടത്തണമെന്ന് കെ ജി എം ഒ എ സംസ്ഥാന സെക്രട്ടറി ഡോ. ജി എസ് വിജയകൃഷ്ണനും ചൂണ്ടിക്കാട്ടി.

Share
Leave a Comment