കോഴിക്കോട് • പാലത്തായിയില്‍ വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ മുഖ്യപ്രതി പത്മരാജന് ജാമ്യം ലഭിക്കാന്‍ ഇടയായത് ഇടതുപക്ഷ സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥ മൂലമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇരയായ ബാലികയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ സമൂഹ മനസാക്ഷിക്കൊപ്പം നിലപാടെടുക്കാന്‍ കഴിയാത്ത പിണറായി സര്‍ക്കാര്‍, ആത്മാഭിമാനമുള്ള ജനതയ്ക്ക് അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുത്വ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് ആര്‍.എസ്.എസിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. പത്മരാജന്റെ അറസ്റ്റ് മനപ്പൂര്‍വം വൈകിച്ചതു മുതല്‍ പോക്‌സോ വകുപ്പുകള്‍ ചുമത്താതെ ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചതുവരെയുള്ള ഓരോ ഘട്ടത്തിലും പോലിസ് സംവിധാനം കുറ്റവാളിക്ക് അനുകൂലമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. സ്വന്തം മണ്ഡലത്തില്‍ നടന്ന ക്രൂരമായ കുറ്റകൃത്യത്തില്‍ അറസ്റ്റ് വൈകിയതിനെ കുറിച്ച് അറിവില്ലാത്ത ആരോഗ്യ ശിശുക്ഷേമ മന്ത്രിയും കുറ്റപത്രം സമര്‍പ്പിച്ചിട്ടും വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് അറിവില്ലാത്ത വനിതാ കമ്മീഷന്‍ അധ്യക്ഷയും അധാര്‍മിക ഭരണത്തിന്റെ അപമാനകരമായ പ്രതീകങ്ങളാണ്. അധികാര കേന്ദ്രങ്ങളുടെ പിന്നാമ്പുറങ്ങളിലെ ഗൂഢതാല്‍പ്പര്യങ്ങളാണ് ആഭ്യന്തര വകുപ്പിനെ മുന്നോട്ടു നയിക്കുന്നത്. ഒരു കൊച്ചു പെണ്‍കുട്ടിക്ക് നീതിനിഷേധിക്കപ്പെട്ടതിനെ കുറിച്ച് ഒന്നും പറയാന്‍ കഴിയാത്ത മുഖ്യമന്ത്രിക്ക് ആ പദവിയില്‍ തുടരാനുള്ള ധാര്‍മികമായ അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണ്. ക്രിമിനലുകള്‍ക്ക് സംരക്ഷണമൊരുക്കുന്നവരുടെ വിഹാരകേന്ദ്രമായി ഇടതുഭരണം മാറിയിരിക്കുന്നു.
ജനവികാരം മാനിക്കാത്ത ഒരു സര്‍ക്കാരിന്റെ ഇത്തരം സമീപനങ്ങള്‍ക്കെതിരേ നീതിബോധമുള്ള ജനത നിശ്ശബ്ദത വെടിയേണ്ട സന്ദര്‍ഭമാണിത്. ഫാഷിസത്തിനെതിരായ പരിഹാരം ഇടതുപക്ഷമാണെന്ന സി.പി.എം അവകാശവാദത്തിന്റെ പൊള്ളത്തരമാണ് ഇവിടെ വെളിപ്പെടുന്നത്. ഇത്തരക്കാരുടെ അധികാര താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ന്യൂനപക്ഷങ്ങളെ മെരുക്കിക്കൊടുക്കുന്നവരുടെ കാപട്യവും തിരിച്ചറിയണം. കുറ്റവാളിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലയില്‍ കേസ് ദുര്‍ബലപ്പെടുന്ന ഘട്ടങ്ങളില്‍ നിസ്സംഗത പുലര്‍ത്തിയ പ്രതിപക്ഷത്തിനും ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ലെന്നും മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി.
Post Your Comments