കൊല്ലം • കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ജില്ലയില്‍ സമ്പര്‍ക്ക വ്യാപനം കൂടുതലും മത്സ്യമാര്‍ക്കറ്റുകള്‍ വഴിയാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ജില്ല മെഡിക്കല്‍ ഓഫീസറുടെ ശുപാര്‍ശ പ്രകാരം ജില്ലയിലേക്ക് മത്സ്യം കൊണ്ടുവരുന്നത് പൂര്‍ണമായും നിരോധിച്ചുകൊണ്ട് കലക്ടര്‍ ബി.അബ്ദുള്‍ നാസര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇന്ന് വൈകുന്നേരം ആറുമണി മുതലാണ് നിരോധനം. അലങ്കാര മത്സ്യങ്ങള്‍ക്ക് നിരോധനം ബാധകമല്ല.
മത്സ്യ കച്ചവടം ഉള്‍പ്പടെ വീടുകള്‍ കയറിയുള്ള എല്ലാത്തരം കച്ചവടവും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിരോധിച്ചിട്ടുണ്ട്.
ആര്യങ്കാവ് അതിര്‍ത്തിയിലും കൊല്ലം ജില്ലയിലെ ഇതര അതിര്‍ത്തികളും വഴി ജില്ലയിലേക്ക് കടക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആവശ്യമായ ക്വാറന്റൈന് സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട റവന്യൂ, പോലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ ബോധ്യപ്പെടുത്തേണ്ടത് തൊഴിലാളികളുടെ തന്നെ സ്വന്തം ഉത്തരവാദിത്തമായിരിക്കും. ജില്ലയിലേക്ക് പ്രവേശിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ കൃത്യമായി അവരുടെ തിരിച്ചറിയല്‍ രേഖകള്‍ ചെക്ക് പോസ്റ്റില്‍ പരിശോധനയ്ക്കായി സമര്‍പ്പിക്കേണ്ടതാണ്. നിബന്ധനകള്‍ പാലിക്കാത്ത ആരെയും ജില്ലയിലേക്ക് പ്രവേശിപ്പിക്കില്ല.
കൂടുതല്‍ കണ്ടയിൻമെന്റ് സോണുകളും ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ഇളമാട് ഗ്രാമപഞ്ചായത്തിനെ പൂര്‍ണമായും കണ്ടയിൻമെന്റ് സോണാക്കി പ്രത്യേക നിരീക്ഷണം ആവശ്യമുള്ള റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റായി നിശ്ചയിച്ചു. ഇതിന് പുറമേ വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 (റോഡുവിള), വാര്‍ഡ് 6 (അഞ്ഞൂറ്റിനാല്), വാര്‍ഡ് 16 (വട്ടപ്പാറ) എന്നിവയെ കണ്ടെയ്മെന്റ് സോണായും നിശ്ചയിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേട്ടും കൂടിയായ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
കഴിഞ്ഞ ദിവസം, ജില്ലയിലെ അഞ്ചല്‍, ഏരൂര്‍, അലയമണ്‍ പഞ്ചായത്തുകള്‍ പൂര്‍ണമായും ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ 5 മുതല്‍ 9 വരെയുള്ള വാര്‍ഡുകളും കണ്ടയിൻമെന്റ് സോണാക്കിയിരുന്നു.
Post Your Comments