ഇന്ന് രാമായണമാസാരംഭം. ദക്ഷിണായന കാലഘട്ടത്തിന്റെ ആരംഭമാണ് കർക്കടകം. വരുന്ന ഒരു വർഷത്തേക്കുള്ള ഊർജം സംഭരിക്കാനുള്ള ഒരു മാസമായാണ് പൂർവികർ കർക്കടകത്തെ കണ്ടിരുന്നത് . അതിനാൽ അവർ പ്രത്യേക ചിട്ടകളും ചര്യകളും അനുഷ്ഠിച്ചിരുന്നു. കർക്കടകത്തിലുടനീളം പ്രഭാതത്തിലും പ്രദോഷത്തിലും ഭവനത്തിൽ നിലവിളക്കു തെളിയിക്കുന്നതിന്റെ മുന്നിലായി ശ്രീരാമപട്ടാഭിഷേക ചിത്രം വയ്ക്കാം. ദശപുഷ്പവും അഷ്ടമംഗല്യവും വയ്ക്കുന്നത് ഐശ്വര്യദായകമാണ്. കർക്കടകമാസത്തിൽ ചെയ്യുന്ന ഈ പൂജകൾ അടുത്ത ഒരു വർഷത്തക്കു വീട്ടിൽ ഐശ്വര്യം നിറയാൻ സഹായിക്കുമെന്നാണ് വിശ്വാസം.
വിഷ്ണു ഭഗവാന് ഏറ്റവും പ്രധാനമായ ഏകാദശിയും ഇന്നാണ്. കർക്കടകം ഒന്നും ഏകാദശിയും ഒരുമിച്ചും വരുന്നത് വളരെ അപൂർവമാണ്. വ്രതാനുഷ്ഠാനത്തോടെ ഭഗവാനെ ഭജിക്കുന്നത് നാലിരട്ടി ഫലം നൽകും എന്നാണ് വിശ്വാസം. മഹാവിഷ്ണുവിനെയാണ് ഏകാദശിദിനത്തിൽ ഭജിക്കേണ്ടത്. ഏകാദശിദിനത്തിൽ ഏറ്റവും പ്രധാനം തുളസീ പൂജയാണ് . പ്രഭാതത്തിൽ തുളസിച്ചെടിയെ മൂന്നുതവണ പ്രദക്ഷിണം വച്ച് നനയ്ക്കാം.
‘പ്രസീദ തുളസീദേവി
പ്രസീദ ഹരിവല്ലഭേ
ക്ഷീരോദമഥനോദ്ഭുതേ
തുളസീ ത്വം നമാമ്യഹം ‘ എന്ന് പ്രദക്ഷിണം വെക്കുമ്പോൾ ജപിക്കാവുന്നതാണ്.
Post Your Comments