റാഞ്ചി: രാജസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരതക്ക് പിന്നാലെ ജാര്‍ഖണ്ഡിലും അട്ടിമറി നീക്കമെന്ന് ആരോപണം. തങ്ങളുടെ എംഎല്‍എമാരെ ബിജെപി പ്രലോഭിപ്പിച്ച് വശത്താക്കാന്‍ ശ്രമിക്കുന്നുവെന്ന് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാമേശ്വര്‍ ഒറോണ്‍ ആരോപിച്ചു. ജാര്‍ഖണ്ഡിലെ സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി നീക്കമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ആദ്യം കർണാടകത്തിലും പിന്നീട് മധ്യപ്രദേശിലും അവര്‍ ഈ നീക്കം നടത്തി. ഇപ്പോള്‍ രാജസ്ഥാനില്‍ നടത്തുന്നു.
ജാര്‍ഖണ്ഡിലും സമാനമായ നീക്കമാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് വേളയിലും ബിജെപി തങ്ങളുടെ എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. ബിജെപിയുടെ എല്ലാ വാഗ്ദാനങ്ങളും കോണ്‍ഗ്രസ് എംഎല്‍എമാര്‍ തള്ളുകയാണ് അന്ന് ചെയ്തത്. അതോടെ ബിജെപിയുടെ ഗൂഢനീക്കം പൊളിഞ്ഞുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഓറോണ്‍ പറഞ്ഞു.അതേസമയം, ബിജെപി നേതാക്കള്‍ ഇതിനോട് സരസമായിട്ടാണ് പ്രതികരിച്ചത്.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അവരുടെ സ്വന്തം എംഎല്‍എമാരില്‍ പോലും വിശ്വാസമില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ദീപക് പ്രകാശ് പറഞ്ഞു. കോണ്‍ഗ്രസ് അനാവശ്യമായ വിവാദത്തിലൂടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനം പൂര്‍ണമായും സംസ്ഥാനത്ത് താളം തെറ്റിയിരിക്കുകയാണ്. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസ് പുതിയ ആരോപണം ഉന്നയിക്കുന്നത്.
എല്ലാ മേഖലയിലു ഹേമന്ത് സോറന്‍ സര്‍ക്കാര്‍ പരാജയമാണ്. ജെഎംഎമ്മിന്റെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണം അഴിച്ചുവിടുന്നു. സ്വന്തം എംഎല്‍എമാരില്‍ വിശ്വാസമില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ നേരിടുന്നതിനേക്കാള്‍ കൂടുതല്‍ വെല്ലുവിളി മന്ത്രിമാര്‍ നേരിടുന്നുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പരിഹസിച്ചു.
Post Your Comments