COVID 19KeralaLatest NewsNews

മരണസംഖ്യ ഉയരാതെ ഫലപ്രദമായ പിടിച്ചുനിർത്താനായി ; അമേരിക്കയിലെ അതേ സ്ഥിതിവിശേഷമായിരുന്നെങ്കിൽ 14,141 പേർ കേരളത്തിൽ മരണമടഞ്ഞേനെ- മുഖ്യമന്ത്രി

തിരുവനന്തപുരം • കോവിഡ് 19 കാരണമായുള്ള മരണസംഖ്യ കാര്യമായി ഉയരാതെ വളരെ ഫലപ്രദമായ രീതിയിൽ പിടിച്ചുനിർത്താൻ നമുക്ക് സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡെത്ത് പെർ മില്യൺ അഥവാ പത്തു ലക്ഷത്തിലെത്ര പേർ മരിച്ചു എന്ന കണക്കാണ് മരണത്തിന്റെ വ്യാപ്തി മനസ്സിലാക്കാനുള്ള അളവുകോൽ. രോഗം പടർന്നുപിടിച്ച മറ്റു രാജ്യങ്ങളിലെ ഡെത്ത് പെർ മില്യണുമായി താരതമ്യപ്പെടുത്തിയാൽ ഇക്കാര്യം വ്യക്തമാകും.

യുഎഇയിലെ ഡെത്ത് പെർ മില്യൺ 34 ആണ്. ആ തോതിലായിരുന്നു കേരളത്തിൽ മരണങ്ങൾ നടന്നതെങ്കിൽ ഇവിടെ ഇതിനകം മരണസംഖ്യ ആയിരം കവിഞ്ഞേനെ. കുവൈറ്റിലേതിനു സമാനമായി 93 ആയിരുന്നു ഇവിടത്തെ ഡെത്ത് പെർ മില്യൺ എങ്കിൽ കേരളത്തിലെ മരണസംഖ്യ മൂവായിരത്തിലധികമാകും. അമേരിക്കയിലെ അതേ സ്ഥിതിവിശേഷമായിരുന്നെങ്കിൽ 14,141 പേർ കേരളത്തിൽ രോഗത്തിനു ഇരയായി മരണമടഞ്ഞേനെ. സ്വീഡനുമായി താരതമ്യപ്പെടുത്തിയാൽ അത് 18,426 ആകും.

നമ്മുടെ സമൂഹത്തിന്റെ അശ്രാന്ത പരിശ്രമത്തിൻറേയും ജാഗ്രതയുടേയും ഫലമായി കേരളത്തിലെ ഡെത്ത് പെർ മില്യൺ ഒന്നിൽ കൂടാതെ ഇതുവരെ പിടിച്ചുനിർത്താൻ കഴിഞ്ഞു. ജനസംഖ്യയുടെ 10 ലക്ഷമെടുത്താൽ ഒന്നിലും താഴെയാണ് ഇവിടത്തെ മരണ സംഖ്യ.

മേൽപറഞ്ഞ രാജ്യങ്ങളിലേക്കാളൊക്കെ ജനസാന്ദ്രതയുള്ള പ്രദേശമാണ് കേരളം. ഇന്ത്യയുടെ ശരാശരി ജനസാന്ദ്രതയുടെ ഇരട്ടിയിൽ അധികമാണ് കേരളത്തിന്റേത്. ഇറ്റലിയിലെ ജനസാന്ദ്രതയുടെ ഏതാണ്ട് നാലിരട്ടിയാണ് നമ്മുടെ ജനസാന്ദ്രത. അതുകൊണ്ടുതന്നെ വളരെവേഗം രോഗം പടർന്നുപിടിക്കാൻ സാധ്യതയുള്ള പ്രദേശമാണ് നമ്മുടേത്. അങ്ങനെ ഉണ്ടായാൽ മരണനിരക്ക് തീർച്ചയായും വർധിക്കും. വയോജനങ്ങൾക്കും കുട്ടികൾക്കും മറ്റു രോഗാവസ്ഥകൾ ഉള്ളവർക്കും ഈ രോഗം മാരകമായിത്തീരുമെന്ന് നാം മറക്കരുത്.

നമ്മുടെ കരുതലിലും പ്രതിരോധത്തിലും വീഴ്ചകൾ ഉണ്ടായാൽ ഏതു നിമിഷവും വലിയ ദുരന്തമായി മാറും. ഒരു കാരണവശാലും ഒരു തെറ്റായ അറിവിൻറേയും പുറത്ത് നമ്മൾ വീഴ്ച വരുത്തരുത്. ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ കർശനമായി പിന്തുടർന്നേ തീരൂ.

കോവിഡ് 19 പ്രതിരോധരംഗത്ത് മുൻപന്തിയിൽ നിന്നു പ്രവർത്തിക്കുന്ന ഒരു വിഭാഗമാണ് പൊലീസ്. എത്ര മുൻകരുതലുകൾ സ്വീകരിച്ചാലും പൊലീസ് ഉദ്യോഗസ്ഥർക്കും കോവിഡ് ബാധിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ എല്ലാ ജില്ലകളിലും പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമായി ക്വാറൻറൈൻ കേന്ദ്രം ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭക്ഷണം ഉൾപ്പെടെയുളള സൗകര്യങ്ങൾ ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കും.

സമ്പർക്കം വഴിയുളള രോഗബാധ വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്റ്റേറ്റ് പൊലീസ് മീഡിയ സെൻററും പൊലീസിന്റെ സോഷ്യൽ മീഡിയ സെല്ലും ചേർന്ന് ബോധവൽക്കരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കും.

സംസ്ഥാനത്തെ 75 പൊലീസ് സ്റ്റേഷനുകൾ ഇന്നലെ മുതൽ ശിശുസൗഹൃദമായി. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികൾക്കായി പ്രഖ്യാപിച്ച ‘ചിരി’ എന്ന പദ്ധതി നടപ്പിലാക്കാൻ ആരംഭിച്ചു.

തിങ്കളാഴ്ച കർക്കിടക വാവാണ്. ബലിതർപ്പണത്തിന്റെ ദിവസമാണത്. ലക്ഷകണക്കിനു വിശ്വാസികൾ വാവുദിവസം ബലിതർപ്പണം നടത്താറുണ്ട്. കോവിഡ് വ്യാപനത്തിൻറെ സാഹചര്യത്തിൽ ബലിതർപ്പണത്തിൽ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. രോഗവ്യാപനമുണ്ടാകുന്ന കൂടിച്ചേരലുകൾ ഒഴിവാക്കണം. ഇക്കാര്യത്തിൽ എല്ലാ തലങ്ങളിലും ശ്രദ്ധയുണ്ടാകണം. ചില പ്രധാന കേന്ദ്രങ്ങളിൽ ആളുകൾ കൂട്ടത്തോടെ എത്തിച്ചേരാറുണ്ട്. ഈ രോഗവ്യാപനഘട്ടത്തിൽ അത് വലിയ തോതിൽ പ്രയാസമുണ്ടാക്കുമെന്ന് എല്ലാവരും മനസ്സിലാക്കണം.

കോവിഡ് രോഗം രൂക്ഷമായി ബാധിച്ചശേഷം സുഖംപ്രാപിച്ചവരിൽ പലർക്കും പാർശ്വഫലങ്ങൾ ഉണ്ടാവുന്നുണ്ടെന്ന റിപ്പോർട്ടുകൾ സംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button