ദുബായ് : എന്‍ഐഎ അന്വേഷിയ്ക്കുന്ന ഫൈസല്‍ ഫരീദ് ഒളിവില്‍ . ആഢംബര സ്പോര്‍ട്സ് കാറുകളുടെ വര്‍ക് ഷോപ്പും ആഡംബര ഫിറ്റനസ്സ് സെന്ററിന്റെ ഉടമയും അറബി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ഫൈസലിനെ കുറിച്ച നിഗൂഢത മാത്രം. നയതന്ത്ര ബാഗേജില്‍ കേരളത്തിലേയ്ക്ക് 30 കിലോഗ്രാം സ്വര്‍ണക്കള്ളക്കടത്ത് നടത്തിയ കേസില്‍ ഫൈസല്‍ ഫരീദ് മൂന്നാം പ്രതിയാണ്. ഞായറാഴ്ച രാത്രി വരെ മാധ്യമങ്ങള്‍ക്കു മുന്നില്‍ നേരിട്ടെത്തി നിരപരാധിയാണെന്ന് ആവര്‍ത്തിച്ച ഇയാള്‍ തിങ്കളാഴ്ച മുതല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ, വിളിച്ചാല്‍ എടുക്കാതിരിക്കുകയോ ആണ്.
സുഹൃത്തുക്കള്‍ക്ക് പോലും ഇയാള്‍ എവിടെയാണ് ഉള്ളതെന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇടയ്ക്കിടെ അറബി വേഷത്തിലും പ്രത്യക്ഷപ്പെടാറുള്ള ഫൈസല്‍ യുഎഇയില്‍ തന്നെ ഒളിച്ചുകഴിയുകയാണെന്നാണ് സംശയിക്കുന്നത്.
യുഎഇയില്‍, പ്രത്യേകിച്ച് ദുബായിലെ മലയാളി കൂട്ടായ്മകളില്‍ പ്രവര്‍ത്തിക്കുന്ന പലര്‍ക്കും ഫൈസലിനെ അറിയാം. ദുബായ് ഖിസൈസിലെ ഡമാസ്‌കസ് സ്ട്രീറ്റിനടുത്താണ് ഫൈസല്‍ ഫരീദിന്റെ 5-സി മോട്ടോര്‍ സ്‌പോര്‍ട്‌സ് എന്ന ആഡംബര വാഹനങ്ങളുടെ വര്‍ക് ഷോപ് സ്ഥിതി ചെയ്യുന്നത്. തന്റെ വിളിപ്പേരായ ഫൈസി എന്നതിന്റെ സൂചകമായി 5സി എന്നാണ് സ്ഥാപനത്തിന് പേരിട്ടിരിക്കുന്നത്. 1998 ല്‍ സ്ഥാപിച്ചതായി രേഖപ്പെടുത്തിയിട്ടുള്ള ഗ്യാരേജ് കഴിഞ്ഞ മൂന്നാാഴ്ചയായി തുറക്കാറില്ലെന്നാണ് പരിസര വാസികള്‍ പറയുന്നത്. എന്നാല്‍, പരിസരത്ത് ഒട്ടേറെ നമ്പരില്ലാത്ത ആഡംബര കാറുകള്‍ പൊടിപിടിച്ച് കിടക്കുന്നുണ്ട്. നാല് ജീവനക്കാരാണ് ഇവിടെയുണ്ടായിരുന്നത്. തങ്ങള്‍ക്ക് കഴിഞ്ഞ മൂന്നു മാസമായി ശമ്പളം കിട്ടിയിട്ടില്ലെന്നും പാക്കിസ്ഥാനിയായ ജീവനക്കാരന്‍ പറഞ്ഞു.
ഫൈസല്‍ ഫരീദ് തന്നെയായിരുന്നു 5 സി ഗ്യാരേജിന് മേല്‍നോട്ടം വഹിച്ചിരുന്നത്. ഇടയ്ക്കിടെ വിലകൂടിയ കാറുകളില്‍ തന്റെ സ്ഥാപനത്തിലെത്താറുണ്ടെങ്കിലും പരിസരത്തെ മലയാളികളോട് പോലും വലിയ അടുപ്പം കാണിക്കാറില്ലായിരുന്നു. ഫൈസലിനെ പലപ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും അയാളുടെ പേര് പോലും തനിക്ക് അറിയാന്‍ പാടില്ലായിരുന്നുവെന്നും മാധ്യമങ്ങളില്‍ പടം കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും തൊട്ടടുത്ത് ഗ്യാരേജ് നടത്തുന്ന തൃശൂര്‍ സ്വദേശി പറഞ്ഞു.
ഗ്യാരേജിന് അധികം അകലെയല്ലാതെ ഖിസൈസിലെ കണ്ണായ സ്ഥലത്താണ് ഫൈസലിന്റെ ഗോ ജിം എന്ന ആഡംബര ജിംനേഷ്യം സ്ഥിതി ചെയ്യുന്നത്. മറ്റു ജിമ്മുകളില്‍ നിന്ന് വ്യത്യസ്തമായി വലിയ തുക ഇവിടെ ഫീസ് ഈടാക്കുന്നു. ഇതര രാജ്യക്കാര്‍ക്ക് പാര്‍ട്ണര്‍ഷിപ്പുള്ള ജിമ്മിന് മേല്‍നോട്ടം വഹിക്കുന്നത് മറ്റൊരു മലയാളിയാണ്. മലയാളികളടക്കം ഒട്ടേറെ മികച്ച പരിശീലകരാണ് പ്രത്യേകത. ഫൈസി അപൂര്‍വമായി മാത്രമേ വരാറുള്ളൂ എന്നും ജീവനക്കാര്‍ പറഞ്ഞു.
Post Your Comments