ഹിന്ദുവിരോധത്തിന്റെ അന്ധത ബാധിച്ചതാണ് പിണറായി വിജയന്‍ സര്‍ക്കാരിനു സുപ്രീംകോടതിയില്‍ നിന്ന് കനത്ത ആഘാതമേല്‍ക്കാന്‍ കാരണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അവകാശം രാജകുടുംബത്തിന് തന്നെയാണെന്ന കോടതി വിധിക്ക് പിന്നാലെയാണ് പിണറായി വിജയനെതിരെ ശോഭാ സുരേന്ദ്രന്‍ ആഞ്ഞടിച്ചിരിക്കുന്നത്.
‘ ഈ ആഘാതം ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണം തിരുവിതാംകൂര്‍ രാജകുടുംബത്തെ ഏല്‍പ്പിച്ചു എന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല. ശ്രീ പിണറായി വിജയനും പാര്‍ട്ടിയും കണ്ണുതുറന്ന് യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ശ്രമിക്കണം. ഹിന്ദുക്കള്‍ നീതി ലഭിക്കാന്‍ സുപ്രീംകോടതിയില്‍ പോയി വര്‍ഷങ്ങളോളം നിയമ പോരാട്ടം നടത്തേണ്ടി വന്നു എന്നത് നിങ്ങളെപ്പോലുള്ള ഭരണാധികാരികള്‍ക്കു താക്കീതാണ്. പരമോന്നത നീതിപീഠത്തിനു മുന്നില്‍ ഇനിയുമുണ്ട് ഹിന്ദുസമാജത്തിന്റെ ഹര്‍ജികള്‍. അവയിലൊക്കെ അനുകൂല വിധി വരുമ്പോള്‍ തിരിച്ചടി ഏറ്റു വാങ്ങാന്‍ പിണറായിയും പാര്‍ട്ടിയും കാത്തിരിക്കുക ‘ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു
സുപ്രീം കോടതി വിധി വന്ന ദിവസത്തെ പതിവു വാര്‍ത്താ സമ്മേളനം ആ വിധിയെ സ്വാഗതം ചെയ്തും വിധിയില്‍ ആഹ്ലാദിക്കുന്ന ഭക്തലക്ഷങ്ങളെ അഭിനന്ദിച്ചും തുടങ്ങിയിരുന്നെങ്കില്‍ ഈ മുഖ്യമന്ത്രി നിഷ്പക്ഷനാണ് എന്നു പറയാമായിരുന്നു. അയോധ്യയിലെ ശ്രീരാമക്ഷേത്രവുമായി ബന്ധപ്പെട്ട വിധി വന്നപ്പോള്‍ അത്യാവേശത്തോടെ പ്രതിഷേധം അറിയിച്ച മുഖ്യമന്ത്രിയാണിത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നലത്തെ വിധിയെ സ്വാഗതം ചെയ്തുവെന്നു വരുത്തുക മാത്രമാണു ചെയ്തതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ക്ഷേത്രഭരണ സമിതിയില്‍ ഹിന്ദുക്കള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളു എന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. അതിനര്‍ത്ഥം പിണറായിയെയും കടകംപള്ളിയെയും പോലുള്ള അവിശ്വാസികളായ ഹിന്ദുനാമധാരികളും അവരുടെ നോമിനികളും പാടില്ല എന്നാണ്; വിശ്വാസികളായ ഹിന്ദുക്കളുടേതാണ് ക്ഷേത്രമെന്നും വിശ്വാസികളല്ലാത്ത ഹിന്ദുക്കളുടെ നിയന്ത്രണത്തിലുള്ള ദേവസ്വംബോര്‍ഡുകള്‍ പിരിച്ചുവിടാനുള്ള തന്റേടം കാണിക്കാന്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങളുടെ മേല്‍ അധികാര പ്രയോഗം നടത്താന്‍ ശ്രമിക്കുന്ന സിപിഎം സബ് കമ്മിറ്റികളാണ് ദേവസ്വം ബോര്‍ഡുകള്‍ എന്ന് വിശ്വാസികള്‍ക്കു നന്നായി അറിയാം. അത് ശരിയായി തിരിച്ചറിഞ്ഞാല്‍ വിശ്വാസികളുടെ മനസ്സറിഞ്ഞു പ്രവര്‍ത്തിക്കാനും നിങ്ങള്‍ക്കു കഴിയും. പക്ഷേ, നേരത്തേ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തിലും ശബരിമല സുപ്രീംകോടതി വിധിയിലും ഈ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ വ്യക്തമായി അറിയാവുന്നവരാണ് കേരളത്തിലെ ഹിന്ദുക്കള്‍. തീവ്രവാദ ബന്ധമുള്ള സ്വര്‍ണ്ണ കള്ളക്കടത്ത് കണ്ണികളെ സ്വന്തം ഓഫീസില്‍ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കും ഹിന്ദുവിരുദ്ധരുടെ നാല് വോട്ടിനു വേണ്ടി എന്തു വിട്ടുവീഴ്ചയും ചെയ്യുന്ന പാര്‍ട്ടിക്കും മുന്നണിക്കും നേര്‍ബുദ്ധി തെളിയാന്‍ ഇനിയുമെത്ര തിരിച്ചടികള്‍ ഉണ്ടാകണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments