COVID 19KeralaLatest NewsNews

ആദ്യമായി 30 കടന്ന് കൊല്ലത്തെ കോവിഡ് രോഗികളുടെ എണ്ണം

കൊല്ലം • കൊല്ലം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം തിങ്കളാഴ്ച ആദ്യമായി 30 കടന്നു. 33 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 20 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണെന്ന് സംശയിക്കുന്നു. ജൂലൈ 10 ന് 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇതുവരെയുള്ള കൂടിയ കണക്ക്. അന്ന് 10 പേര്‍ക്കാണ് സമ്പര്‍ക്കം സംശയിച്ചത്.

ജൂലൈ 10 നായിരുന്നു ആദ്യമായി വിദേശത്ത് നിന്ന് വന്നവരെ എണ്ണത്തില്‍ കടത്തി സമ്പര്‍ക്ക രോഗികള്‍ കൂടിയത്.

ജൂണ്‍ നാലിനാണ് ജില്ലയില്‍ ആദ്യമായി രോഗബാധിതര്‍ എണ്ണത്തില്‍ രണ്ടക്കം കടന്നത്. 11 പേര്‍.

തുടര്‍ന്ന് ജൂണ്‍ ആറിന് 19, ജൂണ്‍ 24 ന് 18, ജൂണ്‍ നാലിന് 16, ജൂലൈ മൂന്നിന് 23 പേര്‍ എന്നിങ്ങനെ എണ്ണത്തില്‍ രോഗം സ്ഥിരീകരിച്ചെങ്കിലും വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരായിരുന്നു നാട്ടിലുള്ള രോഗികളെക്കാള്‍ മുന്നില്‍.

സമ്പര്‍ക്ക രോഗ വ്യാപനം കണക്കിലെടുത്ത് ജില്ലയില്‍ കടുത്ത നടപടികളാണ് സ്വീകരിച്ചത്.

മത്സ്യബന്ധന ഹാര്‍ബറുകള്‍ അടച്ചിട്ടു. കടല്‍ മത്സ്യബന്ധനവും വിപണനവും നിരോധിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് നേരിട്ട് പിഴ ഈടാക്കിത്തുടങ്ങി. വ്യാപര സ്ഥാപനങ്ങള്‍ ഉള്‍പ്പടെ പരിശോധന കര്‍ശനമാക്കി. പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പ് പരിശോധനയുടെ എണ്ണം വര്‍ധിപ്പിച്ചു.

കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിക്ക് പുറമേ വാളകം മേഴ്‌സി ഹോസ്പിറ്റല്‍ സജ്ജമാക്കി. കൂടാതെ ആശ്രാമം ഹോക്കി സ്റ്റേഡിയം ഉള്‍പ്പടെ എട്ടു കേന്ദ്രങ്ങളിലായി 777 കിടക്കകള്‍ സജ്ജമാവുന്നു. 1000 കിടക്കകളാണ് ഒന്നാംഘട്ടത്തില്‍ സജ്ജമാക്കുക. ഏത് അടിയന്തര ഘട്ടത്തെയും നേരിടാന്‍ സജ്ജമാണ് ജില്ല.

ജില്ലയില്‍ മൂന്നാമത്തെ കോവിഡ് മരണം

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജൂലൈ 12 ന് മരിച്ച വാളത്തുംഗല്‍ സ്വദേശി ത്യാഗരാജന്‍(74) ന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. മുളങ്കാടകം ഗ്യാസ് ക്രിമിറ്റോറിയത്തില്‍ ഇന്നലെ(ജൂലൈ 13) അഞ്ചുമണിയോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കരിച്ചു.

ജില്ലയിലെ മൂന്നാമത്തെ കോവിഡ് മരണമാണിത്. മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയ കാവനാട് സ്വദേശി സേവ്യര്‍(65), കോവിഡ് ബാധിച്ച് ജൂണ്‍ 22 ന് മരിച്ച മയ്യനാട് സ്വദേശി വസന്തകുമാര്‍(68) എന്നവരുടേതായിരുന്നു മറ്റ് രണ്ട് കോവിഡ് മരണങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button