MollywoodLatest NewsKeralaCinemaNewsBollywoodEntertainmentHollywoodKollywoodMovie GossipsMovie ReviewsNews Story

എന്തുകൊണ്ടും ശോഭനയെക്കാൾ കയ്യടികളും സ്നേഹവും ആദരവും അർഹിക്കുന്നത് ഉർവ്വശി തന്നെ: മികച്ച നടി ഉർവശിയോ ശോഭനയോ, വൈറൽ കുറിപ്പ്

അഭിനയമികവിന്റെ തുലാസിൽ അളന്നാൽ ഒരുപാട് കഷ്ടപ്പെടേണ്ടി വരും മികവിൽ മുന്നിട്ട് നിൽക്കുന്നയാളെ കണ്ടെത്താൻ.

ഏറെക്കാലമായി സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളായ ഉർവ്വശിയും ശോഭനയും മലയാളികൾക്ക് ഏറെ പ്രിയങ്കരികളായ നടിമാരാണ്. അഭിനയമികവിന്റെ തുലാസിൽ അളന്നാൽ ഒരുപാട് കഷ്ടപ്പെടേണ്ടി വരും മികവിൽ മുന്നിട്ട് നിൽക്കുന്നയാളെ കണ്ടെത്താൻ.

ഇവിടെയിതാ ഷെസ്ലിയാ സലിം ഒരു സിനിമാ ഗ്രൂപ്പിൽ എഴുതിയ കുറിപ്പോടെ അത്തരത്തിലൊരു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. ഷെസ്ലിയാ സലിമിന്റെ കുറിപ്പിന്റെ പൂർണരൂപം:

വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ വിജയത്തിനു പ്രധാന കാരണങ്ങളിൽ ഒന്ന് ശോഭന എന്ന അതുല്യ പ്രതിഭ തന്നെയാണ് എന്നതിൽ സംശയമില്ല. മലയാള സിനിമയിൽ ശോഭനയെ പോലെ താരമൂല്യം ലഭിച്ച നടിമാർ വളരെ കുറച്ചേയുള്ളു. ശോഭന തിളങ്ങി നിന്ന സമയത്ത് വേറെയും ഒരുപാട് ഗംഭീര നായികമാർ ഉണ്ടായിരുന്നു എന്നതാണ് എടുത്ത് പറയേണ്ട വേറൊരു കാര്യം.

ശോഭന ഓവർ റേറ്റ് ചെയ്യപ്പെടുന്നു എന്ന തോന്നൽ പലപ്പോളും ഉണ്ടായിട്ടുണ്ട്. എന്നാൽ 1980-90 കളിലെ മലയാള സിനിമ പരിശോധിച്ചാൽ ഉർവശിയെ പോലെ വേർസറ്റൈൽ ആയ ഒരു നടി വേറെ ഇല്ലെന്ന് തന്നെ പറയാം. അവരെ പോലെ വ്യത്യസ്ത ഭാവങ്ങൾ വളരെ തന്മയത്തത്തോടെ അഭിനയിച്ച് ഫലിപ്പിക്കാൻ വേറെ ഏത് അഭിനേത്രിക്കാണ് സാധിക്കുക എന്നതിന് ഉർവശിക്ക് അപ്പുറത്ത് വേറെ ആരും തന്നെ ഇല്ല എന്നതാണ് ഉത്തരം.

ഉർവശിയും വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ അഭിനയിച്ചു. പക്ഷെ, എവിടെയും അധികമായി അവർ ചെയ്ത കഥാപാത്രത്തെ പറ്റി പറഞ്ഞ് കേട്ടില്ല. ഇവരെ താരതമ്യം ചെയ്യുമ്‌ബോഴുള്ള മറ്റൊരു രസകരമായ വസ്തുത ഇവർ രണ്ടാളും മലയാള സിനിമയിലേക്ക് കടന്നു വരുന്നത് ഒരേ വർഷമാണ് (1984) എന്നത്.

തുടക്ക കാലം മുതൽ തന്നെ 2 പേരും അനേകം സിനിമകളിൽ മുൻ നിര നായകന്മാരുടെ നായികമാരായി അഭിനയിച്ചു. പക്ഷെ ഇവർക്ക് 2 പേർക്കും ലഭിച്ച സ്വീകാര്യതയും അംഗീകാരവും 2 രീതിയിൽ ആയിരുന്നു. എന്തായിരിക്കും ഇതിന്റെ കാരണം/ കാരണങ്ങൾ?

വിരലിൽ എണ്ണാവുന്ന കുറച്ച് സിനിമകൾ ഒഴിച്ചാൽ ശോഭന തനി നാട്ടിൻപുറത്തെ കുശുമ്പും കുഞ്ഞായ്മയും ഒക്കെ ഉള്ള, പഠിപ്പും ലോക വിവരവും കുറഞ്ഞ ഒരു സ്ത്രീയായിട്ട് അഭിനയിച്ചിട്ടുണ്ടാവില്ല. ഒന്നെങ്കിൽ സർക്കാർ ഉദ്യോഗസ്ഥ, അല്ലെങ്കിൽ കോളേജ് കുമാരി, അതുമല്ലെങ്കിൽ ഏതേലും ധനിക സവർണ്ണ കുടുംബത്തിലെ, എല്ലാ തരം ക്യാപിറ്റലുകളും അനുഭവിച്ച് ജീവിക്കുന്ന പെൺകുട്ടി.

ഇത്രയും ഐഡിയലിസ്റ്റിക് ആയ കഥാപാത്രങ്ങളോട് സ്റ്റീരിയോടിപ്പിക്കലായി ചിന്തിക്കുന്ന ആർക്കാണ് ഇഷ്ടം തോന്നാതിരിക്കുക. മഹേഷിന്റെ പ്രതികാരം സിനിമയിൽ ക്രിസ്പിനും സോണിയയും നടത്തുന്ന സംഭാഷണത്തിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും താരതമ്യം ചെയുന്നത് പോലെയാണ് ഏറെക്കുറെ ശോഭയുടേയും ഉർവ്വശിയുടെയും സിനിമകൾ.

ഉർവശി എല്ലാത്തരം കഥാപാത്രങ്ങളും അതിഗംഭീരമായി അഭിനയിച്ച് ഫലിപ്പിച്ചിട്ടുള്ള നടിയാണ്. തലയണമന്ത്രം എന്ന സിനിമ അനേകങ്ങളിൽ ഒരു ഉദാഹരണം മാത്രം. അതിലെ കുശുമ്പിയും അസൂയക്കാരിയുമായ ചേട്ടത്തിയമ്മയെ മലയാളികൾ അതെ രീതിയിൽ സ്വീകരിച്ചു എന്നത് അവരിലെ നടിയുടെ അസാമാന്യ പ്രതിഭയുടെ കഴിവാണ്.

ചെറിയ രീതിയിലെങ്കിലും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം ചെയ്യാൻ എല്ലാ നടിമാരും ധൈര്യം കാണിക്കാറില്ല. അതിലെ നാച്ചുറാലിറ്റി നഷ്ടപ്പെട്ടാൽ എല്ലാ രീതിയിലും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടും എന്ന ബോധ്യം ആയിരിക്കാം അതിനൊരു പ്രധാന കാരണം. ഉർവശി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിച്ചാൽ എല്ലാതരം പെൺജീവിതങ്ങളും ഏറെ കുറെ കാണാൻ സാധിക്കും എന്നത് വാസ്തവം.

സ്ത്രീധനം സിനിമയിലെ ഉത്തമയായ എല്ലാം സഹിക്കുന്ന, മറുത്തൊരു അക്ഷരം പറയാത്ത ഭാര്യയും മരുമകളും ആയി ഉർവശി ജീവിച്ചു. ആ വർഷം തന്നെ ഇറങ്ങിയ മിഥുനം എന്ന സിനിമയിൽ എല്ലാത്തിനും പരാതി പറയുന്ന, ഒരുപാട് ആഗ്രഹങ്ങളും മോഹങ്ങളും ഉള്ള ഒരു യാഥാസ്ഥിതിക കാമുകിയും ഭാര്യമായി തകർത്തഭിനയിച്ചു.

ഒരേ വർഷം തന്നെ എത്രയോ വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങൾ. എല്ലാം അഭിനയം കൊണ്ട് ഒന്നിനൊന്നു മെച്ചപെട്ട് നിൽക്കുന്നു എന്നത് ഉർവശിയെന്ന പ്രതിഭയുടെ വിജയം തന്നെയാണ്.
500 ഓളം മലയാളം സിനിമകളിൽ അഭിനയിച്ച ഉർവശി 2010 ന് ശേഷം കുറച്ചധികം ശ്രദ്ധിക്കപെടാത്ത സിനിമകളുടെയും ഭാഗമായി എന്നതൊഴിച്ചാൽ അവരുടെ കരിയർ ഗ്രാഫ് ഒരിക്കലും ശരാശരിയിൽ താഴേക്ക് പോയിട്ടില്ല എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും.

എന്നിട്ടും ശോഭന എന്തുകൊണ്ട് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായിക എന്നതിന് ഞാൻ മനസിലാക്കിയടുത്തോളം രണ്ട് പ്രധാന കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനമായ കാരണം മലയാളികൾ സ്റ്റീരിയോടിപ്പിക്കലി കൺസ്ട്രക്ട് ചെയ്ത ഫ്രെയിമിൽ നിൽക്കുന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകി എന്നത് തന്നെയാണ്.

രണ്ടാമത്തേത് അവരുടെ സൗന്ദര്യം. നല്ല ഉയരമുള്ള, മെലിഞ്ഞ, വെളുത്ത നിറമുള്ള, ഏതുതരം വസ്ത്രവും വളരെ നന്നായി ഇണങ്ങുന്ന, സുന്ദരി എന്ന് പറയപ്പെടാനുള്ള എല്ലാ ഫീച്ചേഴ്സും ആവോളം ഉള്ളതുകൊണ്ടും കൂടിയാണ്. മറ്റുള്ള നടിമാർക്ക് ഇല്ലാതെ പോയതും, മലയാളിയുടെ പൊതുബോധത്തിന്റെ ഉള്ളിൽ സൃഷ്ടിക്കപ്പെട്ട ഈ പെർഫെക്ട് ബ്ലെൻഡ് ആയിരുന്നു.

ഏതൊരു ശരാശരി മലയാളിയുടെയും സൗന്ദര്യ സങ്കൽപം ശോഭനയിൽ ഭദ്രമായിരുന്നു എന്ന് വേണം പറയാൻ. ശോഭന ഒരു മികച്ച അഭിനേത്രിയാണെന്നതിൽ തർക്കമില്ല. മണിച്ചിത്രത്താഴിലെ നാഗവല്ലിയായി മലയാളിക്ക് വേറൊരാളെയും സങ്കൽപ്പിക്കാൻ പോലും പറ്റാത്തത് അവരുടെ അഭിനയപാഠവം കൊണ്ട് തന്നെയാണ്.

എന്നാലും ഒരുപാട് മികച്ച അഭിനേതാക്കൾ ഉണ്ടായിട്ടും മറ്റാർക്കും കിട്ടാതിരുന്ന സ്വീകാര്യത ശോഭനയ്ക്ക് മാത്രം ലഭിച്ചതിന്റെ പ്രധാന കാരണങ്ങൾ ഇതൊക്കെ തന്നെയാണ്. മലയാളി വർഷങ്ങളായി ശീലിച്ച് പോരുന്ന, മാറ്റം ആഗ്രഹിക്കാത്ത കുറെ അധികം ഐഡിയോളോജിസ് ഉണ്ട്.

അതിൽ നിന്നും വ്യത്യസ്തമായി അധികം പ്രത്യക്ഷപ്പെടാതിരുന്നത് കൊണ്ടും കൂടി സ്റ്റാർഡം ലഭിച്ച ശോഭനയെക്കാൾ കയ്യടികളും സ്നേഹവും ആദരവും അർഹിക്കുന്നത് എല്ലാത്തരം കഥാപാത്രങ്ങളെയും ഒരുപോലെ പരീക്ഷിച്ച് വിജയിച്ച ഉർവശി തന്നെയാണെന്ന് നിസ്സംശയം പറയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button