കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ മൂന്നാം പ്രതി ദുബായിലെ വ്യവസായിയും എറണാകുളം സ്വദേശിയുമായ ഫാസില്‍ ഫരീദ് അല്ലെന്ന് എന്‍ഐഎ വ്യക്തമാക്കി. എഫ്‌ഐആറില്‍ പേരും മേല്‍വിലാസവും തെറ്റായി നല്‍കിയത് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ കോടതി അംഗീകരിച്ചു. തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശി തൈപ്പറമ്പില്‍ വീട്ടില്‍ ഫൈസല്‍ ഫരീദാണ് മൂന്നാം പ്രതി എന്ന് എന്‍ഐഎ വ്യക്തമാക്കി. ഇയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെ രാജ്യത്ത് എത്തിക്കാനുള്ള ശ്രമം എന്‍ഐഎ തുടങ്ങി.
നയതന്ത്ര പരിരക്ഷയോടെ സ്വര്‍ണ്ണമടക്കമുള്ള ബാഗ് അയക്കാന്‍ വ്യാജ രേഖ നിര്‍മ്മിച്ചതില്‍ അടക്കം ഇപ്പോള്‍ പ്രതി ചേര്‍ക്കപ്പെട്ട ഫൈസല്‍ ഫരീദിന്റെ പങ്ക് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. സ്വര്‍ണക്കടത്ത് കേസ് ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം പോലും വഷളാക്കുന്നനിലയിലേക്ക് എത്തിച്ചെന്നും പ്രതിയെ ഉടന്‍ ചോദ്യം ചെയ്യാന്‍ ഇന്ത്യയില്‍ എത്തിക്കേണ്ടതുണ്ടെന്നും അതിനാല്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന അപേക്ഷയും കോടതിയില്‍ സമര്‍പ്പിച്ചു.
ഹൈക്കോടതിയില്‍ അടക്കം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് അറ്റാഷെയുടെ വിലാസത്തില്‍ സ്വര്‍ണ്ണം അയച്ചത് ദുബായിലെ വ്യവസായിയും എറണാകുളം സ്വദേശിയുമായ ഫാസില്‍ ഫരീദുമാണെന്ന് കാണിച്ച് ഇയാളെ മൂന്നാം പ്രതിയാക്കി എന്‍ഐഎ എഫ്‌ഐആറും റജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീടുള്ള അന്വേഷണത്തിലാണ് വിലാസം തെറ്റിയെന്ന് എന്‍ഐഎയ്ക്ക് ബോധ്യമായത്. ഇതോടെ എഫ്‌ഐആറിലെ മേല്‍വിലാസവും പേരും തിരുത്തണമെന്ന ആവശ്യപ്പെട്ട് എന്‍ഐഎ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.
Post Your Comments