ചെന്നൈ: ഭൂമി തർക്കത്തെ ചൊല്ലി വെടിയുതിര്‍ത്ത എം.എല്‍.എ തമിഴ്നാട്ടില്‍ അറസ്റ്റില്‍. ചെന്നൈ നഗരത്തോടു ചേര്‍ന്നുള്ള മാമലപുരം തിരുപോരൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ഡി.എം.കെ എം.എല്‍.എ. ഇദയവര്‍മ്മനാണു കൊലപാതകശ്രമത്തിന് അറസ്റ്റിലായത്. രണ്ടു തോക്കുകളും പിടിച്ചെടുത്തു.
പൈതൃക നഗരമായ മാമലപുരത്തിനു സമീപമുള്ള സെങ്കൈ അമ്മന്‍കോവില്‍ പ്രദേശത്ത് ശനിയാഴ്ച രാത്രിയാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍ വെടിവെയ്പ്പ് നടന്നത്. ഗ്രാമത്തിലെ ക്ഷേത്ര ഭൂമിയിലൂടെ റോഡ് വെട്ടാന്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ കുമാറും സഹോദരനും ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ കാരണം. ഗ്രാമീണര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഇദയവര്‍മ്മന്‍ എം.എല്‍.എയുടെ പിതാവ് ലക്ഷ്മിപതി നിര്‍മാണം ചോദ്യം ചെയ്തു.
തര്‍ക്കമായതോടെ എം.എല്‍.എയും സ്ഥലത്തെത്തി. ഇതിനിടെ ലക്ഷ്മിപതിക്കും നാട്ടുകാരില്‍ ചിലര്‍ക്കും അരിവാള്‍കൊണ്ടുള്ള വെട്ടേറ്റു. തുടര്‍ന്ന് ഇദയ വര്‍മ്മനും ബന്ധുവും വാഹനത്തിലുണ്ടായിരുന്ന തോക്കെുകളെടുത്തു വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് മാമലപുരം പൊലീസ് പറയുന്നത്. കുമാറിന്റെ സംഘാഗത്തിനു കാലില്‍ വെടിയേറ്റു. വാഹനങ്ങളില്‍ വെടിയുണ്ടകള്‍ തറഞ്ഞു കയറി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് ഒരു കൈത്തോക്കും സിംഗിള് ബാരല്‍ തോക്കും പിടിച്ചെടുത്തു. എം.എല്‍.എയടക്കമുള്ളവരെ അറസ്റ്റു ചെയ്തു.
കൈത്തോക്കിന്റെ ലൈസന്‍സ് എം.എല്‍.എയുടെ പേരിലും സിംഗിള്‍ ബാരല്‍ തോക്കിന്റെ ലൈസന്‍സ് ഇയാളുടെ അച്ഛന്റെ പേരിലുമാണെന്ന് പൊലീസ് അറിയിച്ചു. കൊലപാതക ശ്രമം, കലാപമുണ്ടാക്കല്‍ ,അന്യായമായി ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുളാണ് എം.എല്‍.എയ്ക്കു മേല്‍ ചുമത്തിയിരിക്കുന്നത്
Post Your Comments