തിരുവനന്തപുരം: സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴില്‍ നിയമിച്ചതിന് പിന്നിലെ സാഹചര്യം എന്താണെന്നും ജോലി ലഭിച്ചതില്‍ ശിവ ശങ്കരന് പങ്കുണ്ടോ എന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചീഫ് സെക്രട്ടറിയെയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയെയുമാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി നിയമനത്തില്‍ വീഴ്ചകളുണ്ടോ എന്ന് അറിയട്ടേയെന്നും അല്ലാതെ ഓരോരുത്തരുടെയും സങ്കല്‍പ്പത്തിന്റെ പേരില്‍ നടപടിയെടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നിന്നിരുന്ന ശിവശങ്കരന് വിവാദമായ സ്ത്രീയുമായി ബന്ധപ്പെടാന്‍ പാടില്ലായിരുന്നുവെന്നും സംഭവം അറിഞ്ഞതോടെ ഓഫീസില്‍ നിന്ന് മാറ്റി നിര്‍ത്തി. ഇപ്പോള്‍ ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുഡിഎഎഫിന്റെ കാലത്ത് ഇങ്ങനൊരു നടപടി സ്വപ്നം കാണാനാവില്ലെന്നും എന്നാല്‍ അത്തരമൊരാള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വേണ്ട എന്ന് തീരുമാനമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
അതിനപ്പുറം ഏതെങ്കിലുമൊരു കാര്യം സര്‍ക്കാരിന്റെ മുന്നിലില്ല. എന്‍ഐഎയുടെ അന്വേഷണത്തില്‍ പ്രതിയായി കണ്ടെത്തുന്നയാളെ സംരക്ഷിക്കില്ലെന്നും അന്വേഷണത്തിനോട് പൂര്‍ണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ശിവശങ്കരനെതിരെ തെളുവുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്നും കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
Post Your Comments