ജാര്‍ഖണ്ഡ് : പശ്ചിമ സിംഗ്ഭും ജില്ലയില്‍ മാവോയിസ്റ്റുകള്‍ എന്ന് സംശയിക്കുന്നവര്‍ ജാര്‍ഖണ്ഡ് വനം വകുപ്പിന്റെ പന്ത്രണ്ട് കെട്ടിടങ്ങള്‍ തകര്‍ത്തതായി പോലീസ് പറഞ്ഞു. സായുധ മാവോയിസ്റ്റുകളുടെ ഒരു സംഘം ശനിയാഴ്ച രാത്രി ജില്ലയിലെ ബെര്‍ക്ക്ല വനമേഖലയിലെ കെട്ടിടങ്ങളില്‍ അതിക്രമിച്ച് കയറിയതായും എല്ലാ ഉദ്യോഗസ്ഥരോടും സ്ഥലം വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടതായും പോലീസ് സൂപ്രണ്ട് ഇന്ദ്രജീത് മഹാത്ത പറഞ്ഞു.
നിരവധി ജീവനക്കാരെ അക്രമികള്‍ മര്‍ദ്ദിക്കുകയും പോലീസിനെ അറിയിച്ചാല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വനപ്രദേശത്ത് ഒന്നിനുപുറകെ ഒന്നായി സ്ഥിതിചെയ്യുന്ന കെട്ടിടങ്ങള്‍ ഇംപ്രൂവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡികള്‍) ഉപയോഗിച്ച് നക്‌സലൈറ്റുകള്‍ തകര്‍ത്തു എന്നും മഹാത്ത പറഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍ മാവോയിസ്റ്റുകള്‍ കാട്ടില്‍ മരങ്ങള്‍ വെട്ടിമാറ്റി ഒരു റൂട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും അത് സുരക്ഷാ സേനയെ ആക്രമിക്കാന്‍ ഉപയോഗിച്ചിരിക്കാമെന്നും എസ്പി പറഞ്ഞു. വനമേഖലയില്‍ വന്‍ തിരച്ചില്‍ നടക്കുന്നുണ്ടെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബിഹാറിലെ പശ്ചിമ ചമ്പാരന്‍ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നാല് മാവോയിസ്റ്റുകളെ കൊന്നിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഇവരുടെ ഒളിത്താവളത്തില്‍ നിന്ന് എകെ -56 റൈഫിള്‍, മൂന്ന് എസ്എല്‍ആര്‍, 303 റൈഫിള്‍ എന്നിങ്ങനെയുള്ള അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തതായി എസ്എസ്ബി പറഞ്ഞു. പുലര്‍ച്ചെ 4.45 ഓടെയാണ് വെടിവയ്പ്പ് നടന്നതെന്നും ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റതായും പട്നയിലെ ഐഎസ്ജി എസ്എസ്ബി സഞ്ജയ് കുമാര്‍ പറഞ്ഞിരുന്നു.
ഒരു കൂട്ടം മാവോയിസ്റ്റുകള്‍ വാല്‍മീകി ടൈഗര്‍ റിസര്‍വിന് ചുറ്റുമുള്ള വനത്തില്‍ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതനുസരിച്ച്, ബഗാഹയിലെ ലോകേരിയയിലെ പോലീസ് സ്റ്റേഷനില്‍ നിന്ന് ഓപ്പറേഷന്‍ ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് ഗ്രൂപ്പിനെ നയിച്ചത് രാം ബാബു സാഹ്നി എന്നറിയപ്പെടുന്ന രാജന്‍ ആണ്. അയാളുടെ ഡെപ്യൂട്ടി ‘ബിപുള്‍’ കൂടാതെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു എന്നും നബ് സാഹ്നിക്കായി തിരച്ചില്‍ തുടരുകയാണെന്നും എസ്എസ്ബി ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.
Post Your Comments