രാജസ്ഥാന്‍ : രാജസ്ഥാന്‍ മന്ത്രിസഭയില്‍ തുറന്ന പോരിനൊരുങ്ങി ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. ഇതോടെ രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിക്കുകയാണ്. രാജസ്ഥാനില്‍ ഔദ്യോഗിക വസതിയില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരെയും വിളിച്ചുചേര്‍ത്ത യോഗത്തില്‍ സച്ചിന്‍ പൈലറ്റും അദ്ദേഹത്തോടൊപ്പമുള്ള എംഎല്‍എമാരും പങ്കെടുത്തില്ല. ഇതിനു പിന്നാലെ 30 കോണ്‍ഗ്രസ് എംഎല്‍എമാരുടെയും സംസ്ഥാന നിയമസഭയിലെ ചില സ്വതന്ത്രരുടെയും പിന്തുണ തനിക്ക് ഉണ്ടെന്ന് പറഞ്ഞ് സച്ചിന്‍ പൈലറ്റ് രംഗത്തെത്തി.
ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇപ്പോള്‍ ന്യൂനപക്ഷമാണെന്ന് പൈലറ്റിന്റെ വാട്ട്ആപ്പ് ഗ്രൂപ്പില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അവകാശപ്പെട്ടു. സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ പൈലറ്റ് തിങ്കളാഴ്ച രാവിലെ രാജസ്ഥാന്‍ ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗം ഒഴിവാക്കുമെന്ന് അറിയിച്ചു. മന്ത്രിമാരും കോണ്‍ഗ്രസ് എംഎല്‍എമാരും ഗെലോട്ടിന്റെ ഔദ്യോഗിക വസതിയില്‍ മുഖ്യമന്ത്രിയോട് പിന്തുണ അറിയിക്കുന്നതിനായി ഒരു കൂടിക്കാഴ്ചയ്ക്ക് ഒത്തുകൂടുന്നതിനിടെയാണ് ഈ പ്രസ്താവന പ്രത്യക്ഷപ്പെട്ടത്.
200 അംഗങ്ങളുള്ള രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസിന്ന 107 എംഎല്‍എമാരാണ് ഉള്ളത്. ബിജെപിക്ക് 72ഉം സ്വതന്ത്ര എംഎല്‍എമാര്‍ 13 ഉം സിപിഐ, ബിടിപി പാര്‍ട്ടികള്‍ക്ക് രണ്ടും ആര്‍എല്‍ഡിക്ക് മൂന്നും എംഎല്‍എമാരുണ്ട്. ഇപ്പോള്‍ സച്ചിന്‍ പൈലറ്റിന്റെ പ്രസ്താവന കൂടി വന്നതോടെ നിയമസഭ പ്രതിസന്ധിയലായിരിക്കുകയാണ്.
അതേസമയം രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയുടെ നേതൃത്വത്തിലായിരിക്കും രാവിലത്തെ യോഗം നടക്കുക. കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നുകാണിച്ച് പൊലീസ് സച്ചിന്‍ പൈലറ്റിന് കഴിഞ്ഞ ദിവസം നോട്ടിസയച്ചിരുന്നു. ഇതിന്മേല്‍ അദ്ദേഹം അസ്വസ്ഥനാണെന്നും തുടര്‍നടപടികള്‍ക്കായി ഡല്‍ഹിയില്‍ ക്യാംപ് ചെയ്യുകയാണെന്നും അണികള്‍ പറഞ്ഞു.
സ്‌പെഷല്‍ ഓപറേഷന്‍സ് ഗ്രൂപ്പ്(എസ്ഒജി) അയച്ച നോട്ടിസില്‍ എപ്പോള്‍ സച്ചിന്റെ മൊഴിയെടുക്കാനാകുമെന്നാണ് ചോദിച്ചിരുന്നത്. ഇതേ നോട്ടിസ് ഗെലോട്ടിനും ചീഫ് വിപ്പ് മഹേഷ് ജോഷിക്കും ഏതാനും എംഎല്‍എമാര്‍ക്കും ലഭിച്ചിട്ടുണ്ടെങ്കിലും ഇതു തന്നെ അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ് സച്ചിന്റെ വാദം. പൊതുസമൂഹത്തിനു മുന്നില്‍ സച്ചിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താനാണു ശ്രമമെന്ന് അണികള്‍ ആരോപിക്കുന്നു.
Post Your Comments