ന്യൂഡല്‍ഹി • രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ രാജി ആവശ്യപ്പെട്ട് ഇടഞ്ഞ് നില്‍ക്കുന്ന യുവ കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റും സംഘവും ബി.ജെ.പിയിലേക്കെന്ന് സൂചന. സച്ചിന്‍ ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ച നടത്തിയതായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു. സച്ചിന് 16 എം.എല്‍.എ,മാരുടെയും മൂന്ന് സ്വതന്ത്രന്‍മാരുടെയും പിന്തുണയുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
നേരത്തെ, മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടമായിരുന്നു. സമാനമായ പ്രതിസന്ധിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് രാജസ്ഥാനില്‍ നേരിടേണ്ടി വന്നിരിക്കുന്നത്.
സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാനുള്ള സാധ്യത ബി.ജെ.പി തള്ളി. മുൻ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്ക് 45 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും അശോക് ഗെലോട്ട് സർക്കാരിനെ താഴെയിറക്കുകയെന്നതാണ് അവരുടെ പ്രഥമ പരിഗണനയെന്നും ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. ഒരു പ്രാദേശിക പാർട്ടി രൂപീകരിക്കാൻ തയാറാണെന്നും ബിജെപിയിൽ ചേരില്ലെന്നും സച്ചിൻ പൈലറ്റ് കോൺഗ്രസ് ഹൈക്കമാൻഡിന് സൂചന നല്‍കിയതായി ഒരു വിഭാഗം നേതാക്കൾ പറഞ്ഞു.
ഗെലോട്ടിനെ അടിയന്തരമായി മാറ്റണമെന്ന് സച്ചിന്‍ പൈലറ്റ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്കായി സച്ചിന്‍ പൈലറ്റ് ഇപ്പോള്‍ഡല്‍ഹിയിലുണ്ട്. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ സംഘം ഡല്‍ഹി അതിര്‍ത്തിയിലെ ഗുഡ്ഗാവില്‍ ഗുരുഗ്രാം റിസോര്‍ട്ടില്‍ തങ്ങുന്നതായും സൂചനയുണ്ട്.
രാജസ്ഥാനില്‍ സ്ഥിതി സങ്കീര്‍ണമാണെന്നും ദേശീയ നേതൃത്വം ഉടന്‍ വിഷയത്തില്‍ ഇടപെടണമെന്നും മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി ഇന്നലെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചിരുന്നു. എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി രൂപ വാഗ്ദാനം ചെയ്തതായും ഗെലോട്ട് ആരോപിച്ചിരുന്നു.
സംസ്ഥാന പോലീസിന്റെ തീവ്രവാദ വിരുദ്ധ സംഘത്തിലെ പ്രത്യേക ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്‌ഒജി) ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ അദ്ദേഹത്തിന്റെ വസതിയില്‍ നോട്ടീസ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടായത്.
രാത്രി ഒൻപതിന് മുഖ്യമന്ത്രി അശോക് ഗെലോട്ട് നിയമസഭാ പാർട്ടി യോഗം വിളിച്ചിട്ടുണ്ട്. സച്ചിൻ പൈലറ്റിനെ ചോദ്യം ചെയ്യാൻ ഉത്തരവ് നല്‍കിയതില്‍ കോൺഗ്രസ് ഹൈക്കമാൻഡ് അദ്ദേഹത്തോട് അസ്വസ്ഥനാണെന്ന് വൃത്തങ്ങൾ പറഞ്ഞു. സോണിയയെയും രാഹുൽ ഗാന്ധിയെയും സ്ഥിതിഗതികളെക്കുറിച്ച് ധരിപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശിലെപ്പോലെയുള്ള സ്ഥിതിഗതികൾ വീണ്ടും ഉണ്ടാകാൻ തങ്ങള്‍ അനുവദിക്കില്ലെന്നും പാർട്ടിയിലെ മുതിർന്ന നേതാവ് പറഞ്ഞു.
Post Your Comments