ശ്രീനഗര്‍: ജമ്മു കശ്‍മീരിൽ സൈന്യം ഭീകരരുമായി ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. വടക്കന്‍ കശ്മീരിലെ നൗഗാം മേഖലയിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ബരാമുള്ള മേഖലയിലെ നൗഗാമിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്ത് നിന്നും എ കെ 47 ഉള്‍പ്പെടെയുള്ള ആയുധശേഖരങ്ങളും കണ്ടെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടോയെന്ന് അറിയാന്‍ പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. ഭീകരരുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കി.
കഴിഞ്ഞ ദിവസവും കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. അവന്തിപ്പോറയിലെ പാംപോറിലാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായത്. ആറോളം ഭീകരര്‍ അടങ്ങുന്ന സംഘം സൈനിക വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഏറ്റുമുട്ടലില്‍ പ്രദേശവാസിയായ ഒരു സ്ത്രീയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments