തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശമായ പൂന്തുറയിലെ പോലീസ് സ്റ്റേഷനിലെ എസ്.ഐ.യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷനിലെ ജൂനിയർ എസ്.ഐ.യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലിനാണ് ജൂനിയര്‍ എസ്.ഐ.യുടെ ഉള്‍പ്പെടെ നാല്‍പ്പതിലേറെ പോലീസുകാരുടെ സ്രവം പരിശോധനയ്ക്കായി എടുത്തത്. വെള്ളിയാഴ്ചയാണ് ജൂനിയര്‍ എസ്.ഐ. കോവിഡ് പോസിറ്റീവാണെന്ന ഫലം ലഭിച്ചത്. ഇതോടെ ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി.
എന്നാൽ സ്രവമെടുത്ത ശേഷം തുടര്‍ച്ചയായി ആറു ദിവസവും ഇദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇതോടെ എസ്.ഐ.യുമായി ഇടപഴകിയ പോലീസുകാരുള്‍പ്പെടെയുള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 50 പേരാണ് ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്. പത്ത് പോലീസുകാരോടാണ് നിലവില്‍ നിരീക്ഷണത്തില്‍ പോകാന്‍ സ്റ്റേഷന്‍ എസ്.ഐ. നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബാക്കിയുള്ളവര്‍ ഡ്യൂട്ടിയില്‍ തുടരുകയാണ്.
കോവിഡ് സ്ഥിരീകരിച്ച ജൂനിയര്‍ എസ്.ഐ. വെള്ളിയാഴ്ച കുമരിച്ചന്തയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. നഗരത്തിലെ അതിതീവ്ര കണ്ടെയ്‌ന്‍മെന്റ് പ്രദേശങ്ങളില്‍ ഒന്നാണ് പൂന്തുറ. ഇവിടെ എസ്.ഐ.യ്ക്ക് കോവിഡ് പോസിറ്റീവായതോടെ പോലീസുകാര്‍ ആശങ്കയിലായിരിക്കുകയാണ്. ശനിയാഴ്ച സ്റ്റേഷനില്‍ അണുനശീകരണം നടത്തും. കഴിഞ്ഞ ദിവസം പൂന്തുറയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്‍ട്രോള്‍ റൂം എസ്.ഐ.യ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Post Your Comments