KeralaLatest NewsNews

അമ്പിളിയ്ക്ക് സഹായവുമായി മതിലകം ജനമൈത്രി പോലീസ് വീണ്ടും

തൃശ്ശൂര്‍ • 14 വർഷമായി അപൂർവ രോഗത്താൽ ബുദ്ധിമുട്ടുന്ന യുവതിക്ക് സഹായഹസ്തവുമായി വീണ്ടും മതിലകം ജനമൈത്രി പോലീസ്. ശ്രീനാരായണപുരം പഞ്ചായത്തിലെ ഏഴാം വാർഡ് പന്തലാകുളം കോളനിയിൽ താമസിക്കുന്ന തോട്ടുപുറത്ത് അമ്പിളിക്കാണ് പോലീസിന്റെ സഹായമെത്തിയത്. വിയർപ്പ് ഗ്രന്ഥികൾ തകരാറിലായതിനെ തുടർന്ന് ബുദ്ധിമുട്ടിലായ അമ്പിളിയ്ക്ക് ലോക്ക് ഡൗണിൽ എയർകണ്ടീഷൻ വാങ്ങി നൽകിയാണ് ആദ്യം സഹായമെത്തിച്ചത്. ഇപ്പോൾ തുടർചികിത്സയ്ക്ക് വേണ്ടി ചാരിറ്റി ട്രസ്റ്റ് മേഴ്സി കോപ്‌സ് സഹായത്തോടെ 10000 രൂപയുടെ ധനസഹായമാണ് നൽകിയത്.

പതിനാല് വർഷം മുമ്പാണ് വിയർപ്പ് ഗ്രന്ഥികൾ കൂടുന്ന അസുഖം അമ്പിളിയെ പിടികൂടിയത്. ഗ്രന്ഥികൾ കൂടുന്നതിനനുസരിച്ച് ശരീരത്തിൽ ചൂടു കൂടി, വലിയ വ്രണങ്ങൾ വന്ന് പൊട്ടി കിടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. എറണാകുളത്തെയും കൊടുങ്ങല്ലൂരിലെയും ആശുപത്രിയിലായാണ് ചികിത്സ നടക്കുന്നത്. ഭർത്താവ് മരണപ്പെട്ടതിനെ തുടർന്ന് അമ്പിളിയും 15 വയസായ മകനും അമ്പിളിയുടെ സഹോദരന്റെ വീട്ടിലാണ് താമസിക്കുന്നത്. ജനമൈത്രി പോലീസിന്റെ ഗൃഹസന്ദർശനത്തിനിടെയാണ് അമ്പിളിയുടെ രോഗവിവരം പോലീസ് അറിയുന്നത്. മുറിയിലെ ചൂട് കുറച്ച് രോഗത്തെ അതിജീവിക്കുന്നതിനായി അമ്പിളി കിടക്കുന്ന മുറിയിൽ എയർ കണ്ടിഷൻ ജനമൈത്രി ജാഗ്രത സമിതിയുടെ സഹായത്തോടെവെച്ച് നൽകിയിരുന്നു.

ധനസഹായം മതിലകം സി.ഐ. അനന്തകൃഷ്ണൻ കൈമാറി. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് സൗദ നാസർ, വാർഡ് മെമ്പർ ആമിന, മതിലകം ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഫസൽ, അജന്ത, ഹോം ഗാർഡ് അൻസാരി എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button