
മുംബൈ/താനെ: കോവിഡ് ചികിത്സ കഴിഞ്ഞു ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി എത്തിയ മലയാളി നേഴ്‌സിനെ ഫ്ലാറ്റിൽ പ്രവേശിപ്പിക്കാതെ വെളിയിൽ നിർത്തിയത് 7 മണിക്കൂർ. ആശുപത്രി അധികൃതർ ഇടപെട്ടിട്ടും സൊസൈറ്റി സെക്രട്ടറിയും മറ്റും അയഞ്ഞില്ല. താനെയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപതിയിലെ നേഴ്‌സിങ് സൂപ്പർവൈസറായ വിനീതിനെ ആണ് നികൃഷ്ട ജീവിയോടെന്ന പോലെ ഇവർ പെരുമാറിയത്. ആശുപത്രിയുടെ ഹോസ്റ്റൽ സൗകര്യം ഒരുക്കിയിരിക്കുന്നത് ഗോഡ് ബന്ദർ റോഡ് കാസർവ ഡൗവലിയിൽ ഉള്ള ഹാവരെ സൊസൈറ്റിയിൽ ഉള്ള തുലീപ് ബിൽഡിങ്ങിൽ ആണ് വിനീതിനെ പ്രവേശിപ്പിക്കാതിരുന്നത്.
വെള്ളിയാഴ്ച രാവിലെ കോവിഡ് ചികിത്സയും കഴിഞ്ഞു ക്വാറന്റൈനും കഴിഞ്ഞു തിരികെ ഫ്ലാറ്റിൽ എത്തിയപ്പോഴാണ് സൊസൈറ്റി സെക്രട്ടറിയും മറ്റും നീചമായി പെരുമാറിയത്. കോവിഡ് ഇല്ലെന്നതിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാണിച്ചിട്ടും ഇവർ യാതൊരു മനസ്സലിവും കാട്ടിയില്ല. കോവിഡ് ചികിത്സ കഴിഞ്ഞു ക്ഷീണിതനായി എത്തിയ വിനീത് രാവിലെ 11 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് അപ്പാർട്മെന്റിന് വെളിയിൽ കഴിച്ചു കൂട്ടിയത്. സമയത്ത് ആഹാരം കഴിക്കാത്തതിനാൽ മരുന്നും കഴിക്കാൻ വിനീതിന് ആയില്ല. ആശുപത്രി മാനേജ്‌മെന്റ് വാടകക്കെടുത്തു നൽകിയ ഈ ഫ്ലാറ്റ് ആണ് മെയിൽ നേഴ്സുമാർക്കായി ഹോസ്റ്റലായി ഒരുക്കിയിരിക്കുന്നത്.
ഈ ഫ്ലാറ്റിൽ ആറുപേരാണ് ഉള്ളത്. ഇതിൽ നാലുപേർക്കാണ് കോവിഡ് പോസിറ്റിവ് ആയത്. എല്ലാവരും സുഖം പ്രാപിക്കുകയും വിശ്രമത്തിലും ക്വാറന്റൈനിലും ആണ്. ബാക്കി രണ്ടുപേർക്ക് രോഗം വന്നിട്ടില്ല. ഇവർ കാരണമാണ് അപ്പാർട്മെന്റിൽ കോവിഡ് പടരുന്നതെന്നാണ് സെക്രട്ടറിയുടെ വാദം. അവസാനം ആശുപത്രി അധികൃതർ എത്തി ഇവരുമായി സംസാരിച്ചതിന്റെ പശ്ചാത്തലത്തിൽ 15 ദിവസത്തിനുള്ളിൽ ഫ്‌ളാറ്റ് ഒഴിയാം എന്ന കണ്ടീഷനിൽ ആണ് ആറുമണിക്ക് വിനീതിനെ അകത്തു പ്രവേശിപ്പിച്ചത്. സംഭവത്തിൽ മലയാളി നേഴ്സുമാർക്കിടയിൽ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ സംഭവത്തിൽ പ്രതിഷേധം അറിയിച്ചു. മഹാരാഷ്ട്രയിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ കോവിഡ് രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരുടെ അഭാവമാണ് മഹാരാഷ്ട്രയിലെ മുംബൈ പോലുള്ള നഗരം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ പ്രതിസന്ധി ഘട്ടത്തിലും നേഴ്സ്മാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരെ അവഗണിക്കുകയും മാറ്റി നിർത്തുകയും ചെയ്തു കൊണ്ടിരിക്കുന്ന പ്രവണതക്കെതിരെയാണ് ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ പ്രതികരിച്ചത്.
കോവിഡ് ഡ്യൂട്ടി ചെയ്തു എന്നതിന്റെ പേരിലാണ് താനെ ജുപിറ്റർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന വിനീത് എന്ന നഴ്സിനെ താമസിക്കുന്ന സൊസൈറ്റിയിൽ പ്രവേശനം നിഷേധിച്ചത്. ഈ തീരുമാനം വളരെ ക്രൂരമാണ്. കോവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന മഹാരാഷ്ട്രയിലും മുംബൈയിലും നിലവിൽ നേഴ്സ്മാരുടെ എണ്ണം കുറവാണെന്ന പരാതി നിലനിൽക്കുമ്പോഴാണ് ഇത്തരം ദുരനുഭവങ്ങൾ നേരിടേണ്ടി വരുന്നത്. ഈ വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും നേഴ്സ്മാരുടെ സംരക്ഷണം ഉറപ്പാക്കണമെന്നുമാണ് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡാർലിൻ ജോർജ് ആവശ്യപെട്ടിരിക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും മഹാരാഷ്ട്ര സർക്കാർ സഹായം തേടുമ്പോഴാണ് മലയാളികൾ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് ഇത്തരം ദുരനുഭവങ്ങൾ നഗരത്തിൽ നേരിടേണ്ടി വരുന്നത്.
ഡാർലിൻ ജോർജ്, അനൂപ് സ്കറിയ, വിപിൻ, കിഷോർ, വിധു മോഹൻ എന്നിവർ സംഭവത്തെ അപലപിച്ചു.സംഭവത്തിൽ ആശുപത്രി അധികൃതർ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുന്നു എന്നാണ് സൂചന. കൂടാതെ വ്യക്തിപരമായും വിനീത് നിയമനടപടിക്കൊരുങ്ങുകയാണ്. ആലപ്പുഴ ജില്ലയിലെ മാവേലിക്കര പല്ലാരിമംഗലം സ്വദേശിയാണ് വിനീത്. വിമുക്ത ഭടൻ രാജൻ, സാമൂഹ്യ പ്രവർത്തക ഓമന രാജൻ ദമ്പതികളുടെ മകൻ ആണ് വിനീത്.
Post Your Comments