ടൂറിന്‍: ബ്രസീലിയന്‍ ദേശീയ വനിതാ ഫുട്ബോള്‍ താരങ്ങളായ ആന്‍ഡ്രെസ്സ ആല്‍വ്സും ഫ്രാന്‍സിയേല മാനുവറും വിവാഹിതരായി. ആന്‍ഡ്രെസ്സയാണ് വിവാഹ വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. നിലവില്‍ ഇറ്റാലിയിന്‍ ക്ലബ് എ എസ് റോമ വനിതാ ടീമിന്റെ ഫോര്‍വേഡാണ് ആന്‍ഡ്രെസ്സ. 2008ലെ ബെയ്ജിങ് ഒളിംപിക്സില്‍ വെള്ളി നേടിയ ബ്രസീല്‍ ടീമംഗമാണ് പങ്കാളിയായ ഫ്രാന്‍സിയേല.
‘ ഒരു ജീവിത കാലയളവിനപ്പുറത്തേക്കു നീളുന്ന സ്നേഹ ബന്ധങ്ങളുണ്ട്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹര ദിവസം ‘ എന്ന് കുറിച്ചാണ് ആന്‍ഡ്രെസ്സ വിവാഹ വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ജൂലൈ പത്തിനായിരുന്നു വിവാഹമെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇവരുവര്‍ക്കും എഎസ് റോമ വനിതാ ടീം ട്വിറ്ററിലൂടെ ആശംസ നേര്‍ന്നു.
https://www.instagram.com/p/CCdtBf4j4up/
ബാഴ്സലോണ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമായ ഇരുപത്തേഴുകാരിയായ ആന്‍ഡ്രെസ്സ 2015, 2019 ലോകകപ്പുകളില്‍ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു. റിയോ ഒളിംപിക്സില്‍ കളിച്ച ബ്രസീല്‍ ടീമിലും അംഗമായിരുന്നു ആന്‍ഡ്രെസ്സ. ബ്രസീലിയന്‍ ക്ലബ്ബുകളിലൂടെ കളിമികവ് തെളിയിച്ച ആന്‍ഡ്രെസ്സ പിന്നീട് അമേരിക്കന്‍ ക്ലബ്ബായ ബോസ്റ്റണ്‍ ബ്രേക്കേഴ്സിലേക്ക് ചേക്കേറി.
പിന്നീട് ബാര്‍സിലോണ ജഴ്‌സിയണിയുന്ന ആദ്യ ബ്രസീലിയന്‍ വനിതാ താരമെന്ന റെക്കോര്‍ഡുമായി സ്‌പെയിനിലെത്തി. മൂന്ന് വര്‍ഷത്തോളം ബാഴ്സലോണയില്‍ തന്റെ മികച്ച പ്രകടനം പുറത്തെടുത്ത താരം പിന്നീട് ഇറ്റാലിന്‍ ക്ലബ്ബായ എഎസ് റോമയിലെത്തി. നിലവില്‍ എഎസ് റോമയില്‍ തന്നെയാണ് താരം.
ആന്‍ഡ്രെസ്സ മുന്നേറ്റ താരമാണെങ്കില്‍ പങ്കാളിയായ ഫ്രാന്‍സിയേല മധ്യനിര താരമെന്ന നിലയില്‍ ശ്രദ്ധേയയായ താരമാണ്. 2008ല്‍ ബെയ്ജിങ്ങില്‍ വെള്ളി നേടിയ ബ്രസീല്‍ ദേശീയ ടീമില്‍ അംഗമായിരുന്നു ഫ്രാന്‍സിയേല. 2012 ലണ്ടന്‍ ഒളിംപിക്സിലും 2011ലെ വനിതാ ലോകകപ്പിലും ബ്രസീലിനായി കളിച്ചു. കരിയറില്‍ ഏറിയ പങ്കും ബ്രസീലിയന്‍ ക്ലബ്ബുകളിലാണ് താരം കളിച്ചത്. പ്രശസ്തമായ സാന്റോസ് ക്ലബ്ബില്‍ ഒരു പതിറ്റാണ്ടിലേറെ കളിച്ച താരം കൊറിന്ത്യന്‍സിനായും ബൂട്ടണിഞ്ഞിട്ടുണ്ട്. പിന്നീട് നോര്‍വെയിലെയും യുഎസിലെയും ക്ലബ്ബുകള്‍ക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്. 2018ലാണ് താരം വിരമിച്ചത്.
Post Your Comments