തിരുവനന്തപുരം: ടി.പി കേസിൽ നേതാക്കളെ പൊക്കി സി.പി.എമ്മിനെ വിറപ്പിച്ച എ.പി ഷൗക്കത്ത് അലി സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലും. അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ സെക്രട്ടേറിയറ്റിന് സമീപമുള്ള ഫ്ലാറ്റിൽ റെയ്ഡ് നടത്തിയതും ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലായിരുന്നു. സി.പി.എമ്മിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയ സംഭവമാണ് ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം.
മറ്റു രാഷ്ട്രീയ കൊലപാതകങ്ങളിൽ നിന്നും വ്യത്യസ്തമായി പൊലീസ് അന്വേഷണം പാർട്ടി ഗൂഡാലോചനയിലേക്ക് എത്തുകയും പി.കെ കുഞ്ഞനന്തനും പി മോഹനനും ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിലാകുകയും ചെയ്തു. പാർട്ടി ഗ്രാമങ്ങളെ പോലും ഇളക്കി മറിച്ചുള്ള അന്നത്തെ പ്രത്യേക അന്വേഷണ സംഘത്തിൽ എ.പി ഷൗക്കത്ത് അലി എന്ന തലശേരി ഡിവൈ.എസ്.പിയും ഉൾപ്പെട്ടിരുന്നു. ടിപി കേസ് പ്രതികളെ എല്ലാം പിടികൂടിയ ശേഷം ടി.പി കൊലക്കേസ് അന്വേഷണത്തിനു പിന്നാലെ ഷൗക്കത്ത് അലി എൻ.ഐ.എയിൽ ഡെപ്യൂട്ടേഷൻ നിയമനം നേടുകയായിരുന്നു.
എന്നാൽ അതേ ഷൗക്കത്തലി തന്നെയാണ് സി.പി.എമ്മിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പ്രതിരോധത്തിലാക്കിയിരിക്കുന്ന സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻ.ഐ.എ സംഘത്തിലുമുള്ളത്. കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ ടി.പി കൊലക്കേസ് അന്വേഷണത്തിനു പിന്നാലെ ഐ.എസ് തീവ്രവാദ സംഘടയ്ക്കെതിരായ എൻ.ഐ.എ അന്വേഷണങ്ങൾക്ക് നേതൃത്വം നൽകിയതും ഷൗക്കത്തായിരുന്നു. ദേശീയ അന്വേഷണ ഏജൻസിയിൽ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ സ്പെഷലിസ്റ്റായാണ് ഷൗക്കത്ത് അലി അറിയപ്പെടുന്നത്.
അതുകൊണ്ടു തന്നെയാണ് തീവ്രവാദ ബന്ധം സംശയിക്കുന്ന സ്വർണക്കടത്ത് അന്വേഷിക്കുന്ന സംഘത്തിലും അദ്ദേഹത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.1995 ലെ കേരളപോലീസ് എസ്.ഐ ബാച്ചിലെ ഒന്നാം റാങ്കുകാരനായാണ് ഷൗക്കത്ത് അലി കേരള പൊലീസിന്റെ ഭാഗമാകുന്നത്. 2014 ല്‍ തലശ്ശേരി ഡി.വൈ.എസ്.പി ആയിരിക്കെയാണ് ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക് ഡെപ്യൂട്ടേഷനിൽ പോയത്. നിലവിൽ എൻ.ഐ.എ കൊച്ചി യൂണിറ്റിലെ എ.എസ്.പിയാണ് ഷൗക്കത്ത് അലി.
Post Your Comments