കൊച്ചി • കോവിഡ് 19 വ്യാപനം രൂക്ഷമായ പൂന്തുറയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, ലോക്ക്ഡൗണ്‍ ലംഘിച്ച് തെരുവിലിറക്കിയവര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി സംവിധായകന്‍ ആഷിക് അബു. നിഷ്കളങ്കരായ നാട്ടുകാരെ തെറ്റിധരിപ്പിച്, അപകടത്തിലേക്ക് ഇളക്കിവിട്ട്, കലാപത്തിന് ശ്രമിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെയെന്ന് ആഷിക് ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/AashiqAbuOnline/posts/1691586291010473
ഇന്ന് രാവിലെയാണ് കോവിഡ് വ്യാപനം രൂക്ഷമായ പൂന്തുറയില്‍ നാട്ടുകാര്‍ ലോക്ഡൗണ്‍ ലംഘിച്ച് കൂട്ടത്തോടെ പുറത്തിറങ്ങിയത്. പരിശോധനയ്ക്കായി എത്തിയ ആരോഗ്യപ്രവര്‍ത്തകരെ നാട്ടുകാര്‍ തടഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. മാസ്‌ക് പോലും ധരിക്കാതെ നൂറ് കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്.
പൂന്തുറയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പൂന്തുറയിലും പരിസര പ്രദേശങ്ങളിലുമുള്ള ആളുകള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി തീരപ്രദേശത്ത് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദ്രുതകര്‍മ സേനയെയാണ് പൂന്തുറയില്‍ വിന്യസിച്ചിട്ടുള്ളത്.
അതേസമയം, പൂന്തുറയിൽ സംഘർഷം ഉണ്ടായതിനു പിന്നിൽ വി.എസ് ശിവകുമാറും ഒരു വിഭാഗം കോൺഗ്രസ് നേതാക്കന്മാരും നടത്തുന്ന കള്ള പ്രചാരവേലയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു.
രണ്ടു ദിവസമായി ബോധപൂർവ്വമായ കള്ള പ്രചരണം ആണ് ഇവർ നടത്തുന്നത്. കോവിഡ് രോഗികളുടെ എണ്ണം മന:പ്പൂർവ്വം പെരുപ്പിച്ചു കാണിക്കുന്നു എന്നാണ് വി.എസ് ശിവകുമാറിന്റെ വാദം. ആളുകൾ ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് രോഗപ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാൻ വേണ്ടി ബോധപൂർവം നടത്തുന്ന നീക്കമാണിത്. ജനങ്ങൾക്കിടയിൽ രോഗം വ്യാപിച്ചാലും വേണ്ടില്ല തങ്ങളുടെ കുത്സിതമായ രാഷ്ട്രീയ അജണ്ട നടപ്പാക്കുക എന്ന ഹീനമായ പരിശ്രമമാണ് ശിവകുമാറും സംഘവും നടത്തുന്നത്.
സോഷ്യൽ മീഡിയ വഴി യാതൊരു അടിസ്ഥാനവുമില്ലാത്ത കള്ള പ്രചരണം ആണ് ഇവർ ജനങ്ങൾക്കിടയിൽ ഇളക്കിവിട്ട് പരിഭ്രാന്തി സൃഷ്ടിക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. നാടിനെ തകർക്കാൻ ശ്രമിക്കുന്ന ഇക്കൂട്ടരുടെ പ്രവൃത്തിയെക്കുറിച്ച് ബന്ധപ്പെട്ടവർ ഗൗരവമായി അന്വേഷിച്ച് നടപടിയെടുക്കണമെന്നും ആനാവൂര്‍ നാഗപ്പന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Post Your Comments