അബുദാബി: യുഎഇയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരെക്കാൾ ഇരട്ടിയിലേറെപ്പേര്‍ക്ക് രോഗമുക്തി. 532 പേര്‍ക്ക് ആണ് ഇന്ന് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ 1288 പേര്‍ ഇന്ന് രോഗമുക്തി നേടിയിരിക്കുകയാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് രോഗമുക്തി നേടിയുവരുടെ എണ്ണം 43,750 ആയി. വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 53,577 ആയി.
. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ ഇന്ന് മരണപ്പെട്ടതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് മരണസംഖ്യ 328 ആയി. നിലവില്‍ 9679 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 70 ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തെ രോഗികളുടെ എണ്ണം പതിനായിരത്തിന് താഴെയെത്തുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 49,000 കൊവിഡ് പരിശോധനകളും രാജ്യത്ത് നടത്തി. നിലവില്‍ 81.32 ശതമാനമാണ് യുഎഇയിലെ കൊവിഡ് മുക്തരുടെ നിരക്ക്. അന്താരാഷ്ട്ര ശരാശരി 58.17 ശതമാനമാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇരുപത് ലക്ഷം പരിശോധനകള്‍ കൂടി നടത്തിയതോടെ വ്യാപകമായ കൊവിഡ് പരിശോധനയുടെ തോതിലും ലോകരാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് യു.എഇ. ഓഗസ്റ്റ് അവസാനത്തോടെ 60 ലക്ഷം പരിശോധനകള്‍ നടത്താനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
Post Your Comments