MollywoodLatest NewsKeralaCinemaBollywoodNewsEntertainment

ലോക്ക്ഡൗണ്‍; സഹായത്തിന് അമ്മയും ഇല്ല, സര്‍ക്കാരുമില്ല.. ഞങ്ങളുടെ അവസ്ഥ ദയനീയം-മഞ്ജു പറയുന്നു

സിനിമ ഫീല്‍ഡിലുള്ള ആള്‍ക്കാരാണ് വിഷമം അനുഭവിയ്ക്കുന്നത്.

കൊറോണ വൈറസും ലോക്ക്ഡൗണും തുടങ്ങിയിട്ട് നാല് മാസത്തോളമായി. സിനിമാ മേഖലയിലുള്ള വലിയ വലിയ താരങ്ങളുടെ ഇറങ്ങാന്‍ തയ്യാറെടുക്കുന്ന വലിയ വലിയ സിനിമകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍, അതിനെക്കാള്‍ എത്രയോ അധികം പ്രധാന്യം അര്‍ക്കുന്ന ചിലരുടെ കാര്യങ്ങള്‍ പലരും മനപൂര്‍വ്വം വിട്ടുകളയുന്നു. സിനിമാ മേഖലയില്‍ ദിവസവേതനത്തിന് പണിയെടുക്കുന്ന ആര്‍ട്ടിസ്റ്റുകളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും കാര്യം ആരും ശ്രദ്ധിക്കുന്നില്ല എന്നുണ്ടോ. മറ്റൊരു ജോലിക്കും പോവാന്‍ കഴിയാതെ, ആരുടെയും സഹായമില്ലാതെ ജീവിക്കുന്ന അത്തരം ആള്‍ക്കാരുടെ പ്രതിനിധിയായിട്ടാണ് സിനിമ – സീരിയല്‍ നടി മഞ്ജു സതീശന്‍ സംസാരിക്കുന്നത്. മഞ്ജുവുമായി ഫില്‍മിബീറ്റ് നടത്തിയ അഭിമുഖത്തിലൂടെ തുടര്‍ന്ന് വായിക്കാം.

ലോക്ക് ഡൗണ്‍ അങ്ങിനെ പോകുന്നു. എല്ലാവരും കഷ്ടത അനുഭവിയ്ക്കുകയാണല്ലോ. സിനിമ ഫീല്‍ഡിലുള്ള ആള്‍ക്കാരാണ് അതിലേറ്റവും വിഷമം അനുഭവിയ്ക്കുന്നത്. പ്രതിഫലം അധികം വാങ്ങിക്കുന്നവര്‍ക്ക് ഒരു കുഴപ്പവുമില്ല. അല്ലാത്ത ആര്‍ട്ടിസ്റ്റുമാര്‍ക്കും ടെക്‌നീഷ്യന്‍സിനുമെല്ലാം കഷ്ടം തന്നെയാണ്. ഒരു പൈസയുടെ സഹായം ആരും നല്‍കുന്നില്ല. സിനിമാക്കാരാണ് എന്നുള്ളത് കൊണ്ട് തന്നെ സര്‍ക്കാരും തിരിഞ്ഞു നോക്കുന്നില്ല.

ഞാനും എന്റെ ഭര്‍ത്താവും ഒരേ ഫീല്‍ഡിലാണ് ജോലി ചെയ്യുന്നത്. എങ്ങിനെ ജീവിക്കും. ദൈവ ഭാഗ്യത്തിന് എനിക്ക് കുടുംബ വിളക്ക് എന്നൊരു സീരിയല്‍ കിട്ടി. അതുപോലുമില്ലാത്ത ചെറിയ ആര്‍ട്ടിസ്റ്റുകളുടെ കാര്യം ആലോചിച്ചു നോക്കൂ. വര്‍ഷങ്ങളായി വര്‍ക്കുകളൊന്നും ഇല്ലാത്ത ആര്‍ട്ടിസ്റ്റുകള്‍ക്ക് ഈ കൊറോണയും ലോക്ക് ഡൗണും കൂടെ ആയതോടെയുള്ള അവസ്ഥ ദയനീയം എന്നല്ലാതെ എന്ത് പറയാനാണ്. സഹായിക്കണം എന്ന ആഗ്രഹമുണ്ടെങ്കിലും അതിനുള്ള വരുമാനം നമുക്ക് ഉണ്ടായിരിക്കണമല്ലോ. ദിവസക്കൂലിയ്ക്ക് ഷൂട്ടിങിന് പോവുമ്പോള്‍, അത് പോലും തരാത്ത നിര്‍മാതാക്കളുണ്ട്. പിന്നെ ഞങ്ങള്‍ എങ്ങിനെ ജീവിക്കും.

ഓം ശാന്തി ഓശാന എന്ന സിനിമയ്ക്ക് ശേഷം പലരും പറഞ്ഞു മഞ്ജു ഇനി പിടിച്ചു കയറും എന്ന്.  ആളുകള്‍ അവസരം തന്നാല്‍ മാത്രമല്ലേ അഭിനയിക്കാന്‍ കഴിയൂ. നല്ല അവസരങ്ങള്‍ വന്നാലും പാരവയ്ക്കാന്‍ ആള്‍ക്കാരുണ്ട്. അല്ലെങ്കില്‍ മൂന്ന് ദിവസത്തെ ഷൂട്ടിങിന് വിളിച്ചിട്ട് ഒറ്റ ദിവസം കൊണ്ട് അത് പൂര്‍ത്തിയാക്കി, ഒരു ദിവസത്തെ പ്രതിഫലവും തന്ന് എന്നെ തിരിച്ചയക്കും. അതിനിടയിലൂടെയൊക്കെ കിട്ടുന്ന റോളുകള്‍ക്കൊണ്ട് തൃപ്തിപ്പെട്ട് പോവുകയാണിപ്പോള്‍. ഓരോ സിനിമ കഴിയുമ്പോഴും അടുത്തത് എന്ന പ്രതീക്ഷയില്‍ തന്നെയാണ് മുന്നോട്ട് പോവുന്നത്.

ഏറെ കുറേ അങ്ങനെ തന്നെയാണ്. വളരെ ചുരുങ്ങിയ നിലയിലാണ് ഇപ്പോള്‍ ജീവിച്ചുകൊണ്ടിരിയ്ക്കുന്നത്. അനാവശ്യ ചെലവുകളെല്ലാം കുറച്ചു. പ്രധാനമായും എവിടെയും പോവാറില്ല എന്നത് തന്നെ. അത് മറച്ചുവച്ചത് കൊണ്ട് എനിക്കൊന്നും നേടാനില്ല, തുറന്ന് പറഞ്ഞതുകൊണ്ട് എനിക്ക് നഷ്ടപ്പെടാനും ഒന്നുമില്ല. എന്നക്കാളൊക്കെ കഷ്ടത അനുഭവിക്കുന്ന ആള്‍ക്കാരുണ്ട്. ബാങ്കില്‍ നിന്ന് ലോണെടുത്ത് സ്വന്തമായി യൂണിറ്റ് തുടങ്ങിയ ആളുകളുടെയൊക്കെ അവസ്ഥ ഈ ലോക്ക്ഡൗണും കൂടെ വന്നപ്പോള്‍ എന്തായിരിക്കും എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ.

ഇത്രയും വര്‍ഷം സിനിമയും സീരിയലും ചെയ്തിട്ടും അമ്മ സംഘടനയുടെ ഒരു ആനൂകൂല്യവും എനിക്ക് ലഭിച്ചിട്ടില്ല. മഞ്ജു ആക്ടീവല്ല എന്നാണ് ചോദിക്കുമ്പോള്‍ പറയാറുള്ളത്. പക്ഷെ കണ്ടിട്ടുപോലുമില്ലാത്ത ചിലര്‍ക്ക് മാസാമാസം അക്കൗണ്ടില്‍ പൈസ വരുന്ന കാര്യം എനിക്കറിയാം. എന്റെ അച്ഛന്റെ നാല്‍പത്തിയൊന്നാണ് നാളെ. രണ്ടര വര്‍ഷത്തോളമായി അച്ഛന്റെ അസുഖത്തെ തുടര്‍ന്ന് ഞാന്‍ വര്‍ക്കിന് പോയിരുന്നില്ല. പതിനൊന്ന് വര്‍ക്കുകളാണ് ഇതിനിടയില്‍ വിട്ടുപോയത്. അതിനിടയിലാണ് കുടുംബ വിളക്കിലേക്ക് വിളിച്ചത്. അതോടെ ലോക്ക് ഡൗണുമായി. അച്ഛന്റെ അവസാനകാലത്ത് അദ്ദേഹം ആഗ്രഹിച്ചത് പോലെ എനിക്ക് അടുത്ത് തന്നെ ഉണ്ടാവാന്‍ കഴിഞ്ഞു എന്നത് വലിയ കാര്യം തന്നെയാണ്.

എന്തായാലും ഈ ലോക്ക് ഡൗണ്‍ കൊണ്ട് കുറേ അധികം നല്ലത് സംഭവിച്ചിച്ചുണ്ട്. കുടുംബത്തോടൊപ്പം ഒരുപാട് സമയം ചെലവഴിക്കാന്‍ പറ്റി, ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഇരിക്കുമ്പോള്‍ വീട്ടിലുള്ള സങ്കടങ്ങളെ കുറിച്ചും സന്തോഷങ്ങളെ കുറിച്ചും മനസ്സിലാക്കാന്‍ ചിലര്‍ക്ക് കഴിഞ്ഞു. ഒരുപാട് തിരിച്ചറിവുകള്‍ ജനങ്ങള്‍ക്ക് ഉണ്ടായി എന്ന് പറയാതിരിക്കാന്‍ കഴിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button