കൊച്ചി • കോവിഡ് രോഗികളുടെയും പ്രാഥമിക സമ്പർക്കത്തിൽ ഉള്ളവരുടെയും എണ്ണം വർധിച്ചതോടെ ചെല്ലാനം പഞ്ചായത്ത് പൂർണമായും അടക്കാൻ തീരുമാനിച്ചതായി മന്ത്രി വി. എസ് സുനിൽകുമാർ അറിയിച്ചു. ആലുവ മുൻസിപ്പാലിറ്റിയിലെ 13 വാർഡുകളും കൺടൈൻമെൻറ് സോണുകൾ ആക്കും. സ്ഥിതി ഗുരുതരമാവുകയാണെങ്കിൽ ആലുവ മുൻസിപ്പാലിറ്റി പൂർണമായും അടക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ മരട് മുൻസിപ്പാലിറ്റിയിലെ 4-ആം ഡിവിഷനും കൺടൈൻമെൻറ് സോൺ ആക്കും.
രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി വരാപ്പുഴ മത്സ്യ മാർക്കറ്റ്, ആലുവ മാർക്കറ്റ്, ചമ്പക്കര മാർക്കറ്റ് എന്നിവ അടക്കും. മരട് മാർക്കറ്റ് കർശന നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് മാത്രമേ പ്രവർത്തിക്കു. എറണാകുളം മാർക്കറ്റ് ഉടൻ തുറക്കില്ല. മാർക്കറ്റുമായി ബന്ധപ്പെട്ട് ഒരാൾക്കു കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ല പൂർണമായും അടച്ചിടേണ്ട അവസ്ഥ നിലവിൽ ഇല്ലെന്നും പക്ഷെ സ്ഥിതി ഗൗരവത്തോടെ കാണാണമെന്നും മന്ത്രി പറഞ്ഞു. രോഗ ലക്ഷണങ്ങൾ ഉള്ളവർ പുറത്തു പോവുകയോ കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തുകയോ ചെയ്യരുത്.
ജില്ലയിൽ ഘട്ടം ഘട്ടമായി പരിശോധന വർധിപ്പിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ ശരാശരി 950-1200നും ഇടയിൽ സാമ്പിളുകൾ ദിവസേന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കളമശേരി മെഡിക്കൽ കോളേജിൽ ശരാശരി 250 സാമ്പിളുകളും മൂന്ന് സ്വകാര്യ ആശുപത്രികളിൽ ആയി 70 സാമ്പിളുകളും ജില്ലയിലെ സ്വകാര്യ ലാബുകളിൽ 600ഓളം സാമ്പിളുകളും പരിശോധിക്കുന്നുണ്ട്. ഇതിന് പുറമെ വിമാനത്താവളത്തിൽ 1500-2000 വരെ ആന്റിബോഡി പരിശോധനകളും 70ഓളം ആന്റിജൻ ടെസ്റ്റുകളും നടത്തുന്നുണ്ട്. ജില്ലയിലെ കൺടൈൻമെൻറ് സോണുകളിലും ആന്റിജൻ പരിശോധന ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ കൂടി പരിശോധന ആരംഭിക്കുമ്പോൾ സമൂഹ വ്യാപന സാധ്യത നേരത്തെ തിരിച്ചറിയാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ജില്ലയിൽ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും ഏഴു പേരുടെ ഒഴികെ എല്ലാവരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചിവെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ ഇത് വരെ 47953 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 0.9 ശതമാനം മാത്രമാണ് പോസിറ്റീവ് ആയിട്ടുള്ളത്. ജില്ലയിൽ രോഗ വ്യാപന തോത് കൂടുതൽ ആണെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു.
കൺടൈൻമെൻറ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും മാനദണ്ഡങ്ങൾ അനുസരിച്ചു നിശ്ചിത കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ എന്നും മന്ത്രി അറിയിച്ചു. ജില്ലാ കളക്ടർ എസ്. സുഹാസ്, എസ്. പി കെ കാർത്തിക്, ഡി. സി. പി ജി പൂങ്കുഴലി തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Post Your Comments