COVID 19Latest NewsNewsInternational

കൊറോണ വൈറസ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്മാർ

കോവിഡ് രോഗം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്ന് ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ്. വൈറസ് ബാധിച്ചവരിൽ നാഡീസംബന്ധമായി ഗുരുതരരോഗങ്ങളും ബുദ്ധിഭ്രമം, ഉന്മാദം തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകുമെന്നും ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പിൽ പറയുന്നു. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍(UCL) 43 കോവിഡ്-19 രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഈ രോഗികളില്‍ കൊറോണ വൈറസ് ബാധ മൂലം തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയോ, പക്ഷാഘാതം, നാഡീതകരാറ് എന്നിവ ഉണ്ടായതായി പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.

ഒപ്പം കോവിഡ്-19 കാരണം തലച്ചോറിന് സംഭവിക്കുന്ന തകരാറുകളെ സംബന്ധിച്ച് നടത്തിയ മറ്റു പഠനങ്ങളും യു.സി.എല്ലിലെ ശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. 1920-കളിലും 30-കളിലും മഹാമാരിയ്ക്ക് തുല്യമെന്ന് വിശേഷിപ്പിക്കാവുന്ന സ്ലീപ്പിങ് സിക്ക്‌നെസ് അഥവാ സ്ലീപ്പി സിക്ക്‌നെസ് എന്ന എന്‍സെഫലൈറ്റിസ് ലെതാര്‍ജിക്ക(Encephalitis lethargica)യുടെ ആഗോളവ്യാപനം സംഭവിച്ചിരുന്നു. 1918-ല്‍ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ഫ്‌ളൂവുമായി ബന്ധപ്പെട്ടുണ്ടായതാണ് ഇതെന്നാണ് ഒരു സംഘം ഗവേഷകരുടെ അഭിപ്രായം. കോവിഡിന് ശേഷം സമാനരീതിയിലുള്ള ഒരു അവസ്ഥ ഉണ്ടായേക്കാമെന്ന് യുസിഎല്ലിലെ ഗവേഷകനായ മൈക്കല്‍ സാന്‍ഡി പറയുന്നു.

ചുറ്റും സംഭവിക്കുന്നതിനെ കുറിച്ച് ധാരണയുള്ളപ്പോഴും ഒന്നും ചെയ്യാതെ മരവിപ്പ് ബാധിച്ച അവസ്ഥയില്‍ തുടരുന്നതാണ് എന്‍സെഫലൈറ്റിസ് ലെതാര്‍ജിക്ക. ഈ അവസ്ഥയിലുള്ളവര്‍ വിശപ്പോ ആഗ്രഹമോ പ്രതികരണമോ പ്രകടിപ്പിക്കാതെ വികാരരഹിതരായി തുടരും. ഒന്നിനോടും താത്‌പര്യം പ്രകടിപ്പിക്കാതെ ഉറക്കം തൂങ്ങിയ അവസ്ഥയിലായതിനാലാണ് ഇതിനെ സ്ലീപ്പിങ് സിക്ക്‌നെസ് അഥവാ സ്ലീപ്പി സിക്ക്‌നെസ് എന്ന് പറയുന്നത്. കോവിഡിന് ശേഷം സമാനരീതിയിലുള്ള രോഗാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് യുസിഎല്ലിലെ ഗവേഷകരുടെ നിഗമനം. ശ്വസനവ്യവസ്ഥയെയാണ് പ്രാഥമികമായി ബാധിക്കുന്നതെങ്കിലും നാഡിവൈകല്യങ്ങള്‍ക്കുള്ള സാധ്യത മുന്‍നിര്‍ത്തി ന്യൂറോസയന്റിസ്റ്റുകളും ബ്രെയിന്‍ സ്‌പെഷ്യലിസ്റ്റുകളും ഇതിനെ കുറിച്ച് കൂടുതല്‍ പഠനം നടത്താനാരംഭിച്ചിട്ടുണ്ട്.

കോടിക്കണക്കിനാളുകളാണ് കോവിഡ് ബാധിതരായിട്ടുള്ളത്. രോഗമുക്തി നേടുന്നവരുടെ എണ്ണവും കുറവല്ല. രോഗമുക്തരാവുന്നവരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായാല്‍ അവരുടെ ജോലി ചെയ്യാനുള്ള കഴിവിനേയും ദൈനംദിന പ്രവര്‍ത്തനങ്ങളേയും ബാധിക്കുമെന്ന് കാനഡയിലെ വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ ന്യൂറോ സയന്റിസ്റ്റായ ആഡ്രിയന്‍ ഓവന്‍ പറയുന്നു. ഇതിനെ സംബന്ധിച്ച് ബ്രെയിന്‍ ജേണലില്‍ യുസിഎല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പഠനം നടത്തിയ ഒമ്പത് രോഗികള്‍ക്ക് അക്യൂട്ട് ഡിസ്സെമിനേറ്റഡ് എന്‍സെഫലോമൈലിറ്റിസ്(ADEM)ബാധിച്ചതായി പ്രതിപാദിച്ചിരിക്കുന്നു. അതേസമയം കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് മസ്തിഷ്‌കത്തകരാറുണ്ടാവുന്നവരുടെ എണ്ണവും വര്‍ധിക്കാമെന്ന ആശങ്കയും ഇവര്‍ പങ്കുവെക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button