Latest NewsIndiaNews

തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലപാതകം: സാത്താന്‍കുളം സ്റ്റേഷനിലെ അഞ്ച് പോലിസുകാരെക്കൂടി കസ്റ്റഡിയിലെടുത്തു

ചെന്നൈ: തൂത്തുക്കുടിയില്‍ ഇരട്ട കസ്റ്റഡി കൊലപാതക കേസിൽ അഞ്ച് പോലിസുകാര്‍കൂടി കസ്റ്റഡിയില്‍.പോലിസ് കസ്റ്റഡിയില്‍ അച്ഛനും മകനും കൊല്ലപ്പെട്ട കേസില്‍ സാത്താന്‍കുളം സ്റ്റേഷനിലെ അഞ്ച് പോലിസുകാരെക്കൂടിയാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ അന്വേഷണം നടത്തുന്ന സിബിസിഐഡി സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇവരെ ചോദ്യം ചെയ്യുകയാണ്. ഇതോടെ കേസില്‍ പിടിയിലായ പോലിസുകാരുടെ എണ്ണം പത്തായി ഉയര്‍ന്നു. അതേസമയം, തൂത്തുക്കുടി കസ്റ്റഡി കൊലപാതകക്കേസ് സിബിഐയ്ക്ക് കൈമാറുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം അറിയിച്ച്‌ കേന്ദ്രം തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു.

സിബിഐ അന്വേഷണ കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് തമിഴ്‌നാട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗണ്‍ നിയമം ലംഘിച്ച്‌ കടതുറന്നുവെന്നാരോപിച്ചാണ് തടിവ്യാപാരി പി ജയരാജ് (50), മകന്‍ ബെന്നിക്‌സ് (31) എന്നിവരെ പോലിസ് അറസ്റ്റുചെയ്തത്. തുടര്‍ന്ന് ഇരുവരും കൊല്ലപ്പെടുകയായിരുന്നു. പോലിസിന്റെ ക്രൂരമര്‍ദനത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ജയരാജിന്റെ നെഞ്ചിനു പലതവണ തൊഴിച്ചുവെന്നും ബെന്നിക്‌സിന്റെ മലദ്വാരത്തില്‍ ലാത്തികയറ്റിയെന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, ബെന്നിക്‌സിന്റെ മൊബൈല്‍ കടയില്‍ രാത്രി ഒമ്ബതുമണിക്ക് വന്‍ജനകൂട്ടമായിരുന്നുവെന്നും ഇത് ചോദ്യംചെയ്ത പോലിസിനെ ബെന്നിക്‌സ് ആക്രമിച്ചുവെന്നുമാണ് പോലിസിന്റെ എഫ്‌ഐആര്‍.

കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചെന്നും പരിക്കേറ്റെന്നുമാണ് വാദം. എന്നാല്‍, പോലിസ് വാദം തെറ്റാണെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പോലിസ് ജീപ്പിന് അടുത്തെത്തി സംസാരിച്ച്‌ കടയടക്കാന്‍ ബെന്നിക്‌സ് തിരിച്ചെത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കടയ്ക്ക് മുന്നില്‍ അക്രമം നടന്നിട്ടില്ലെന്ന് സമീപവാസികളും വെളിപ്പെടുത്തിയിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായത്. സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തു. പൊതുജനങ്ങള്‍ക്ക് നേരെയുള്ള പോലിസിന്റെ അതിക്രമം കൊവിഡിനെക്കാള്‍ മോശമായ പകര്‍ച്ചവ്യാധിയാണെന്നും കോടതി വിമര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button