തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഐ. പാര്‍ട്ടിമുഖപത്രമായ ജനയുഗത്തിലെ എഡിറ്റോറിയലിലാണ് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത്; സമഗ്ര അന്വേഷണത്തിലൂടെ വസ്തുതകള്‍ പുറത്തു വരണം എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. ആരോപണവിധേയയായ സ്വപ്ന സുരേഷ് ജോലി ചെയ്യുന്നത് ഐടി വകുപ്പുമായി ബന്ധമുള്ള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെ ഓപ്പറേഷണല്‍ മാനേജര്‍ എന്ന പദവിയാണ് വിവാദത്തിനും ആരോപണങ്ങള്‍ക്കുമുള്ള കാരണമായത്. ആരോപണം ഉയര്‍ന്ന ഉടന്‍തന്നെ ജോലിയില്‍ നിന്ന് അവരെ ഒഴിവാക്കി. എങ്കിലും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
ഇപ്പോഴത്തെ സംഭവത്തോട് താരതമ്യംചെയ്യുന്ന മുന്‍സര്‍ക്കാരിന്റെ കാലത്തുണ്ടായ സോളാര്‍ വിവാദത്തില്‍ ചിലരെയെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കിയത് എപ്പോഴായിരുന്നുവെന്ന് പഴയ സംഭവങ്ങള്‍ ഓര്‍ത്തെടുത്താല്‍ മനസിലാക്കാനാകും. പലരേയും അവസാന ഘട്ടംവരെ സംരക്ഷിക്കാനുള്ള നീക്കങ്ങളും അന്വേഷണം തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും അക്കാലത്തുണ്ടായിരുന്നുവെന്നത് മറക്കാറായിട്ടില്ല. ഇവയെല്ലാം പരിശോധിച്ചാല്‍തന്നെ ഈ താരതമ്യം അസ്ഥാനത്താണെന്ന് വ്യക്തമാകും. നികുതിയിനത്തിലുള്ള നഷ്ടത്തിനൊപ്പം കള്ളപ്പണം ഒളിപ്പിക്കാനുള്ള വഴിയായും ഇത്തരം സ്വര്‍ണ ഇറക്കുമതി വിനിയോഗിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ സ്വര്‍ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിരിക്കുന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടേണ്ടതുണ്ട്. അതിന് സമഗ്രമായ അന്വേഷണം നടത്തി വസ്തുതകള്‍ സത്യസന്ധമായി പുറത്തു കൊണ്ടുവരാനുള്ള നടപടികളുണ്ടാകണമെന്നും മുഖ്യപ്രസംഗത്തിൽ വ്യക്തമാക്കുന്നു.
Post Your Comments