തിരുവനന്തപുരത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വൈറസിനെ തടുത്തു നിർത്താൻ ലോക്ക് ഡൌൺ സഹായിച്ചോ സഹായിച്ചെങ്കിൽ അതിനുവേണ്ടി സമൂഹം എന്ത് വിലനൽകേണ്ടി വന്നു എന്നൊക്കെ ചിന്തിക്കാതെ അർത്ഥരാത്രികളിൽ ലോക് ഡൌണുകൾ പ്രഖ്യാപിക്കുന്ന ഇരുട്ടടി സർക്കാരുകൾ തുടരുന്നു എന്നതാണ് ഇപ്പോഴുള്ള പ്രതിസന്ധി. ഒരാഴ്ചയോ രണ്ടാഴ്ചയോ നാടിനെ അടച്ചിട്ടാൽ തീരുന്ന ഒരു വ്യാധിയായിരുന്നു കൊറോണയെങ്കിൽ മൂന്നുമാസത്തോളം നീണ്ടുനിന്ന ലോക്ക് ഡൗൺ കൊണ്ട് രാജ്യം “അഗ്നിശുദ്ധി” നേടിയേനെ. അതുണ്ടായില്ല. അപ്പോൾ ലോക് ഡൌൺ അല്ല പ്രതിവിധി എന്ന് മനസിലാക്കാതെ വീണ്ടും അതേ സമ്പദായത്തിന് ഓമനപ്പേരുകൾ കണ്ടെത്തുന്നതിൽ അർത്ഥവുമില്ലെന്നും സനൽകുമാർ വ്യക്തമാക്കുന്നു.
Read also: സൗദിയിൽ മലയാളി യുവാവ് പൊള്ളലേറ്റ് മരിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ പുറത്തുവന്ന പഠനങ്ങൾ സൂചിപ്പിച്ചിരുന്നത് ഇന്ത്യയിൽ കോവിഡിന്റെ ദ്രുതഗതിയിലുള്ള വ്യാപനം നടക്കാൻ പോകുന്നത് ജൂലൈ ഓഗസ്റ്റ് സമയത്ത് ആയിരിക്കുമെന്നാണ്. വേണ്ടത്ര തയാറെടുപ്പുകൾ നടത്താതെയും തുടർസാഹചര്യങ്ങൾ മുന്നിൽ കാണാതെയും അർത്ഥരാത്രി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൌൺ കാരണം ഇക്കഴിഞ്ഞ മാസം വരെ കോവിഡിനെ ഇന്ത്യയിൽ തടുത്തുകെട്ടി എന്ന ഒരു പ്രതീതിയുണ്ടാക്കാൻ സർക്കാരുകൾക്കായി. സത്യത്തിൽ ദേശാടനത്തൊഴിലാളികളെ മുൻപിൻ നോക്കാതെ തടഞ്ഞുവെക്കുക വഴി ലോക് ഡൌണിനെ കൊറോണയുടെ അടയിരിക്കൽ കാലമായി മാറ്റുകയാണ് സർക്കാർ ചെയ്തത്.
അശാസ്ത്രീയമായ ലോക്ക് ഡൌൺ സമയത്ത് അതത് സ്ഥലങ്ങളിൽ അകപ്പെട്ടുപോയവർ സ്വന്തം നാടുകളിൽ കോവിഡുമായെത്തുമെന്നും അപ്പോൾ എന്ത് ചെയ്യാൻ കഴിയുമെന്നും ചിന്തിച്ചില്ല എന്നതുകൊണ്ട് ഇന്നിപ്പോൾ ടെലഫോൺ ഡയലർ ടോണുകളിൽ നാം കേൾക്കുന്നത് “കോവിഡ് 19 അൺലോക്ക് പ്രക്രിയ രാജ്യമെമ്പാടും ആരംഭിച്ചു കഴിഞ്ഞു.“ എന്നുള്ള വിളംബരമാണ്. പിടിച്ചുകെട്ടും പിടിച്ചു കെട്ടി എന്നൊക്കെയുള്ള അടിസ്ഥാനമില്ലാത്ത വീമ്പുപറച്ചിലുകൾ തകർന്നു എന്നതിന്റെ സൂചനകൂടിയാണത്. നേരത്തേ സൂചിപ്പിച്ച പഠനങ്ങൾ നൽകുന്ന സൂചനയനുസരിച്ച് തന്നെ കോവിഡ് അപകടകരമാം വിധം മുന്നോട്ടു പോവുകയും ചെയ്യുന്നു.
വൈറസിനെ തടുത്തു നിർത്താൻ ലോക്ക് ഡൌൺ സഹായിച്ചോ സഹായിച്ചെങ്കിൽ അതിനുവേണ്ടി സമൂഹം എന്ത് വിലനൽകേണ്ടി വന്നു എന്നൊക്കെ ചിന്തിക്കാതെ അർത്ഥരാത്രികളിൽ ലോക് ഡൌണുകൾ പ്രഖ്യാപിക്കുന്ന ഇരുട്ടടി സർക്കാരുകൾ തുടരുന്നു എന്നതാണ് ഇപ്പോൾ കഴിഞ്ഞുപോയതേക്കാൾ വലിയ പ്രതിസന്ധികൾ ഉണ്ടാക്കാൻ പോകുന്നതെന്ന് തോന്നുന്നു. മറ്റൊരു രാജ്യത്തുമില്ലാത്ത പോലെ ഇന്ത്യയിൽ മറ്റേതൊരു കാര്യത്തേയുമെന്നപോലെ ഈ മഹാരോഗത്തേയും രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതാണ് വീണ്ടുവിചാരമില്ലാത്ത ഇത്തരം അടിച്ചേൽപിക്കലുകൾക്ക് കാരണം. കൊറോണ വൈറസ് മെരുക്കിയാൽ മെരുങ്ങുന്ന ഒരു ജന്തുവായിരുന്നെങ്കിൽ ബിജെപിയും കോൺഗ്രസും സിപിഎമ്മും ഒക്കെ അതിനെ എന്ത് വിലകൊടുത്തും മെരുക്കി പോക്കറ്റിലിട്ട് നടന്നേനെ. കാരണം ഇന്ന് ആരോടും ഒന്നും ചോദിക്കാതെയും ഒന്നും വിശദീകരിക്കാതെയും എന്തും അടിച്ചേൽപിക്കാൻ ആ ജീവിയാണ് ലോകമെമ്പാടുമുള്ള എല്ലാ ഭരണകൂടങ്ങളേയും സഹായിക്കുന്നത്.
ഒരാഴ്ചയോ രണ്ടാഴ്ചയോ നാടിനെ അടച്ചിട്ടാൽ തീരുന്ന ഒരു വ്യാധിയായിരുന്നു കൊറോണയെങ്കിൽ മൂന്നുമാസത്തോളം നീണ്ടുനിന്ന ലോൿഡൌൺ കൊണ്ട് രാജ്യം “അഗ്നിശുദ്ധി” നേടിയേനെ. അതുണ്ടായില്ല. അപ്പോൾ ലോക് ഡൌൺ അല്ല പ്രതിവിധി എന്ന് മനസിലാക്കാതെ വീണ്ടും അതേ സമ്പദായത്തിന് ഓമനപ്പേരുകൾ കണ്ടെത്തുന്നതിൽ അർത്ഥവുമില്ല. അടച്ചിടാനും അടച്ചിടൽ നടപ്പിലാക്കാനും എളുപ്പമാണ്. യുവസംരഭകർ, ചെറുകിട കച്ചവടക്കാർ, കൂലിപ്പണിക്കാർ, അസംഘടിതമേഘലയിലെ ജീവനക്കാർ, സിനിമ ഉൾപ്പെടെയുള്ള വ്യവസായങ്ങളിൽ അരികുജീവനം നയിക്കുന്നവർ തുടങ്ങി സർക്കാരിന് എന്നും താങ്ങി നിർത്താൻ കഴിയാത്ത സാധാരണ മനുഷ്യരുടെ നട്ടെല്ലൊടിക്കും എന്നുള്ളതൊഴിച്ചാൽ ലോൿഡൌൺ കൊണ്ട് പ്രത്യേകിച്ച് ഗുണമെന്തെങ്കിലും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ലോക്ഡൌൺ കഴിയുമ്പോൾ ആളുകൾ കൂടുതുറന്നുവിട്ട പക്ഷികളെപ്പോലെ പരക്കം പായും രോഗം പതിൻമടങ്ങ് വേഗത്തിൽ വ്യാപിക്കും.
പതിനായിരക്കണക്കിന് ആളുകൾക്ക് രോഗം പിടികൂടിയാൽ നമ്മുടെ ആശുപത്രി സംവിധാനങ്ങൾക്ക് ആ അവസ്ഥയെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ടെസ്റ്റ് ചെയ്യാൻ പോയപ്പോഴുള്ള മോശം സാഹചര്യങ്ങളെക്കുറിച്ച് ഞാനൊരു പോസ്റ്റെഴുതിയപ്പോൾ തന്നെ ചില മൺകുടുക്കകൾ ചോദിക്കുന്നത് നിനക്കൊക്കെ പ്രൈവറ്റ് ആശുപത്രിയിൽ പോയിക്കൂടായിരുന്നോ എന്നാണ്. മറ്റൊരു സുഹൃത്ത് തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് എഴുതിയപ്പോൾ ചോദിക്കുന്നത് ചത്തില്ലല്ലോ എന്നാണ്. അവർക്ക് ആരു ചത്താലും ആരു രക്ഷപെട്ടാലും സർക്കാരിന്റെ പ്രതിശ്ചായ നഷ്ടപ്പെടാതിരുന്നാൽ മതി. സുഹൃത്തെ പ്രൈവറ്റ് ആശുപത്രിയിൽ പോകാൻ കഴിയാത്ത പാവം മനുഷ്യർ എന്ത് ചെയ്യും?
ഇക്കാര്യത്തിലെങ്കിലും കക്ഷിരാഷ്ട്രീയ ചിന്ത മാറ്റിവെക്കണം. രോഗത്തെ കൈകാര്യം ചെയ്യുന്നതിൽ കാര്യക്ഷമമായ മറ്റെന്തോ പദ്ധതി ആവശ്യമാണെന്ന് തോന്നുന്നു. അതേക്കുറിച്ച് ഗഹനമായ ചിന്തകൾ വേണം.
Post Your Comments