ന്യൂഡൽഹി : അതിർത്തി സംഘർഷത്തിൽ കേന്ദ്രത്തിനെതിരെ തുടർച്ചയായി ആരോപണം ഉന്നയിക്കുന്ന രാഹുൽ ഗാന്ധിയെ കടുത്ത ഭാഷയിൽ വിമർശിച്ച് ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡ. ട്വറ്ററിലൂടെയാണ് രാഹുലിനെ വിമർശിച്ച് ജെ.പി. നഡ്ഡ എത്തിയിരിക്കുന്നത്. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ടുള്ള പാർലമെന്റ് സ്റ്റാന്റിങ് കമ്മിറ്റിയുടെ ഒരു യോഗത്തിലും പങ്കെടുക്കാത്ത രാഹുൽ സൈന്യത്തിന്റെ വീര്യത്തെ ചോദ്യം ചെയ്യുകയാണെന്നും നഡ്ഡ വിമർശിച്ചു.
ഉത്തരവാദിത്തപ്പെട്ട ഒരു പ്രതിപക്ഷ നേതാവ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് രാഹുൽ ചെയ്യുന്നതെന്നും നഡ്ഡ വ്യക്തമാക്കി. ഇതുവരെ നടന്ന 11 സ്റ്റാന്റിങ് കമ്മിറ്റി യോഗങ്ങളിൽ ഒന്നിൽപോലും രാഹുൽ ഗാന്ധി പങ്കെടുത്തിട്ടില്ലെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നഡ്ഡ രാഹുലിനെതിരേ വിമർശനം ഉയർത്തിയത്. പ്രതിരോധത്തിൽ കമ്മിറ്റികളെക്കാൾ കമ്മീഷന് കാര്യമുണ്ടെന്ന് വിശ്വസിക്കുന്ന സമ്പന്നമായ കുടുംബ പാരമ്പര്യത്തിന്റെ ഭാഗമാണ് രാഹുൽ ഗാന്ധിയെന്നും മറ്റൊരു ട്വീറ്റിൽ നഡ്ഡ വിമർശിച്ചു.
‘പ്രതിരോധ സ്റ്റാന്റിങ് കമ്മിറ്റിയുടെ ഒരൊറ്റ യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുത്തിട്ടില്ല. പക്ഷേ ദുഃഖകരമെന്ന് പറയട്ടെ, അദ്ദേഹം രാജ്യത്തിന്റെ അത്മവിശ്വാസത്തെ തകർക്കുകയാണ്. സൈനികരുടെ ആത്മവീര്യത്തെ ചോദ്യം ചെയ്യുന്നു. ഉത്തരവാദിത്തപ്പെട്ട ഒരു പ്രതിപക്ഷ നേതാവ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് രാഹുൽ ചെയ്യുന്നത്’ – നഡ്ഡ ട്വീറ്റ് ചെയ്തു.
Post Your Comments