ജനീവ : ഹൈഡ്രോക്സിക്ലോറോക്വിനും എച്ച്.ഐ.വി. മരുന്നുകളായ ലോപിനാവിർ, റിട്ടൊനാവിർ സംയുക്തവും ഇനിമുതൽ കോവിഡ് രോഗികൾക്ക് നൽകില്ലെന്ന് ലോകാരോഗ്യസംഘടന. ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികൾക്ക് ഈ മരുന്നുകൾ നൽകിയിട്ടും മരണസംഖ്യ കുറയാത്തതാണ് പരീക്ഷണവിഭാഗം അന്താരാഷ്ട്ര സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനത്തിനുപിന്നിലെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം ആശുപത്രിയിൽ ചികിത്സയിലില്ലാത്തവരുടെ കാര്യത്തിലും പ്രതിരോധമരുന്നായും ഇവ ഉപയോഗിക്കുന്നതുസംബന്ധിച്ച് വിവിധ രാജ്യങ്ങളിലായി നടന്നുവരുന്ന പഠനങ്ങളെ തീരുമാനം ബാധിക്കില്ലെന്നും സംഘടന അറിയിച്ചു. കൃത്യമായ പരിചരണം; റെംഡെസിവിർ; ഹൈഡ്രോക്സിക്ലോറോക്വിൻ, ലോപിനാവിർ, റിട്ടൊനാവിർ, ലോപിനാവിർ-റിട്ടൊനാവിർ സംയുക്തം എന്നിങ്ങനെ അഞ്ചുവിഭാഗങ്ങളിലായാണ് കോവിഡ് സാധ്യതാചികിത്സയ്ക്കുള്ള പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്.
39 രാജ്യങ്ങളിൽനിന്നായി 5500 രോഗികളെ ഉൾപ്പെടുത്തിയാണ് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുന്നതെന്നും ഇതിന്റെ റിപ്പോർട്ട് അടുത്തുതന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസൂസ് പറഞ്ഞു.
Post Your Comments