തിരുവനന്തപുരം: കടല്‍ക്കൊലക്കേസില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ഇറ്റലി നഷ്ടപരിഹാരം നല്‍കണമെന്ന രാജ്യാന്തര അര്‍ബിട്രേഷന്‍ ട്രൈബ്യൂണലിന്റെ വിധി ഇന്ത്യയ്‌ക്കെതിരാണെന്ന് പ്രതിപക്ഷം പ്രചരിപ്പിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാനപ്രസിഡൻ്റ് കെ.സുരേന്ദ്രൻ.
2012ല്‍ നടന്ന സംഭവത്തില്‍ ഇന്ത്യ നടത്തിയ നിരന്തര നിയമ പോരാട്ടത്തിനൊടുവിലാണ് എട്ടു വര്‍ഷത്തിനു ശേഷം, മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നീതി ലഭ്യമാകുന്നതെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.
ഇറ്റലി ഉന്നയിച്ച വാദങ്ങളെല്ലാം തള്ളിയാണ് രാജ്യാന്തര കോടതി വിധി വന്നിരിക്കുന്നത്. ചെറിയ നഷ്ടപരിഹാരം നല്‍കി കേസ് ഒതുക്കി തീര്‍ക്കാനാണ് മുന്‍ യു.പി.എ സര്‍ക്കാര്‍ ശ്രമിച്ചത്. മരണപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചപ്പോള്‍ അതിനെ രാഷ്ട്രീയമായി ഇകഴ്ത്തിക്കാട്ടാനാണ് സംസ്ഥാന ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഉള്‍പ്പെടെയുള്ളവരുടെ നീക്കമെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. മേഴ്‌സിക്കുട്ടിയമ്മ കാര്യങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കാതെയാണ് പ്രതികരിക്കുന്നതെന്നുംട്രൈബ്യൂണലിന്റെ ഉത്തരവ് പുറത്തുവിടാന്‍ വൈകിയെന്ന ആരോപണത്തില്‍ ഒട്ടും കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയില്‍ ഇത് സംബന്ധിച്ച കേസ് നിലനില്‍ക്കുന്നതിനാല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ ശേഷം, അനുമതിയോടെ മാത്രമേ രാജ്യാന്തര അര്‍ബിട്രേഷന്‍ ട്രൈബ്യൂണലിന്റെ വിധി പുറത്തുവിടാന്‍ കഴിയുമായിരുന്നുള്ളു എന്ന വസ്തുത മനസ്സിലാക്കാതെയാണ് അവരുടെ പ്രതികരണം. വായിൽ തോന്നിയത് പറയുന്നത് ഒരു മന്ത്രിക്കു ഭൂഷണമല്ല. എന്തിലും ഏതിലും രാഷ്ട്രീയം കാണാനാണ് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ശ്രമിക്കുന്നത്. പാവപ്പെട്ട മത്സ്യതൊഴിലാളികള്‍ക്ക് നീതി ലഭ്യമാക്കുന്നതിനെ എതിർക്കുന്നത് മനുഷ്യത്വപരമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
Post Your Comments