തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് സിപിഎം നേതാവും ആറ്റിങ്ങല്‍ എംഎല്‍എയുമായ അഡ്വ ബി സത്യനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ലീഡര്‍ സാംസ്‌കാരിക വേദി നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം രാഷ്ട്രീയപ്രേരിതമായ പരാതിയുടെ പേരിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നതെന്ന് ബി സത്യന്‍ എംഎല്‍എ പ്രതികരിച്ചു. കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് സെക്ഷന്‍ 4,5 വകുപ്പുകള്‍ പ്രകാരം കേസെടുക്കുവാനാണ് നിര്‍ദേശം.
ജൂണ്‍ 10ന് ആറ്റിങ്ങല്‍ കുഴിമുക്കിന് സമീപം സിപിഎം സംഘടിപ്പിച്ച കാരക്കാച്ചി കുളം നവീകരണ പരിപാടിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നിരവധി പേര്‍ പങ്കെടുത്തിരുന്നുവെന്നാണ് ലീഡര്‍ സാംസ്‌കാരിക വേദി നല്‍കിയ പരാതി. ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ സിജെ രാജേഷ് കുമാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍എസ് രേഖ ഉള്‍പ്പടെ പരിപാടിയില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുക്കുക.
Post Your Comments