കോട്ടയം: തിരുവല്ല നഗരസഭയുമായി ബന്ധപ്പെട്ട് ജോസ് കെ മാണിയുടെ അവകാശവാദം തള്ളി പി.ജെ.ജോസഫ്. പാലാ നഗരസഭയിലെ ഭൂരിപക്ഷം പേരും തങ്ങളോടൊപ്പമാണെന്നും ജോസ് വിഭാഗത്തില്‍ നിന്ന് കൂടുതല്‍ പേര്‍ തങ്ങളുടെ പക്ഷത്തേക്ക് വരുമെന്നും ആരൊക്കെ കൂടെയുണ്ടെന്ന് എട്ടാം തീയതി അറിയാമെന്നും ജോസഫ് പറഞ്ഞു.
അതേസമയം എല്‍ഡിഎഫ് സഹകരണവുമായി ബന്ധപ്പെട്ട് തീരുമാനം ഉടന്‍ എടുക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനോട് സിപിഎം ആവശ്യപ്പെട്ടതായി വിവരം. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ മാസം എട്ടിന് ജോസ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ജോസ് വിഭാഗത്തെ പിന്തുണച്ച് ഇടതു മുന്നണിയിലെ പല പ്രമുഖ നേതാക്കളും രംഗത്തെത്തിയിരുന്നു.
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ബഹുജന പിന്തുണയുള്ള പാര്‍ട്ടിയാണെന്ന് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി പരാമര്‍ശിച്ചിരുന്നു. യുഡിഎഫില്‍ ബഹുജന പിന്തുണയുള്ള പാര്‍ട്ടികളിലൊന്നാണ് കേരള കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസ് ഇല്ലാത്ത യുഡിഎഫ് കൂടുതല്‍ ദുര്‍ബലമാകുമെന്നും അദ്ദേഹം ലേഖനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലാകും തീരുമാനമെന്നും ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമാകും അന്തിമ തീരുമാനം ഉണ്ടാകൂയെന്നും കോടിയേരി വിശദീകരിച്ചിട്ടുണ്ട്.
കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സ്വാധീനമുളള കക്ഷിതന്നെയെന്നും ഇത് സംബന്ധിച്ച് ദേശാഭിമാനിയിലെ ലേഖനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ വാക്കുകള്‍ യാഥാര്‍ത്ഥ്യമാണെന്നും യുഡിഎഫ് മുന്നണി വിട്ട ജോസ് കെ മാണി വിഭാഗം നിലപാട് വ്യക്തമാക്കിയ ശേഷം മുന്നണി പ്രവേശനം സംബന്ധിച്ച് എല്‍ഡിഎഫ് പ്രതികരിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വ്യക്തമാക്കിയിരുന്നു
എന്നാല്‍ ജോസ് വിഭാഗവുമായുള്ള ബന്ധത്തെ പൂര്‍ണമായും തള്ളുന്ന നിലപാടാണ് സിപിഐയും ജെഡിഎസ്സും എടുത്തിരിക്കുന്നത്. അവശനിലയിലായവരുടെ വെന്റിലേറ്ററല്ല ഇടതുമുന്നണിയെന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം.
Post Your Comments