കാഠ്മണ്ഡു : പ്രധാനമന്ത്രി ശര്‍മ്മ ഒലിയുടെ ഇന്ത്യവിരുദ്ധ പരാമര്‍ശത്തിന് പിന്നാലെ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പോര് മുറുകുന്നു. സ്പീക്കറുടെയോ ദേശീയ അസ്സംബ്ലി ചെയര്‍മാന്റെയോ അനുവാദം ഇല്ലാതെ പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് പിരിച്ച് വിട്ടതാണ് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്. സ്റ്റാന്റിംഗ് കമ്മിറ്റി മീറ്റിംഗില്‍ അനിശ്ചിതത്വം നിലനില്‍ക്കെയാണ് ശര്‍മ്മ ഒലിയുടെ പുതിയ തീരുമാനം.
അസ്സംബ്ലിയില്‍ നിലവിലെ രാഷ്ട്രീയ പാര്‍ട്ടി നിയമം ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ശര്‍മ്മ ഒലി കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല. ഇതിന് പിന്നാലെയാണ് പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് പരിച്ചുവിട്ടുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ നടപടി.ഇതേ തുടര്‍ന്ന് ശര്‍മ്മ ഒലിക്കെതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാനായ പുഷ്പകമല്‍ ദഹല്‍ ( പ്രചണ്ഡ ) ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്. പ്രസിഡന്റിന് 40 ശതമാനം അണികളുടെ പിന്തുണയോടെ രാഷ്ട്രീയ പാര്‍ട്ടികളെ വിഭജിക്കാന്‍ അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സാണ് ശര്‍മ്മ ഒലി അസ്സംബ്ലിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പും പ്രധാനമന്ത്രി സമാനമായ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. എന്നാല്‍ അണികളില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ അസ്സംബ്ലിയില്‍ ബില്ല് അവതരിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു.പ്രധാനമന്ത്രിയുടെ ഓര്‍ഡിനന്‍സ് രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ദഹലിന് പുറമേ നിരവധി നേതാക്കളാണ് പ്രധാനമന്ത്രിയുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്.പാര്‍ലമന്റെ അനിശ്ചിതകാലത്തേക്ക് പിരിയാനുള്ള തീരുമാനം നിരുത്തരവാദപരമാണെന്ന് എന്‍സിപി ചീഫ് വിപ്പ് ബാല്‍ കൃഷ്ണ കാന്ദ് പ്രതികരിച്ചു.
ഓര്‍ഡിനന്‍സ് വിഷയം മറ്റു നേതാക്കളുമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന നിലപാടാണ് പ്രധാനമന്ത്രിക്ക് ഉള്ളത്. പാര്‍ലമെന്റില്‍ നിരവധി ബില്ലുകളാണ് അനുമതികാത്തുകിടക്കുന്നത്. ഇതിനിടയില്‍ പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞത് അസാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിച്ചുവിടാന്‍ പ്രധാനമന്ത്രിക്ക് അധികാരമുണ്ട്. എന്നാല്‍ നിരവധി പ്രാധാന്യമുള്ള ചര്‍ച്ചകള്‍ നടക്കാന്‍ ഇരിക്കെ പെട്ടെന്ന് പാര്‍ലമെന്റ് പിരിച്ചു വിട്ടതിനോട് യോജിക്കാന്‍ കഴിയില്ല. 12 ലധികം ബില്ലുകളാണ് പാര്‍ലമെന്റില്‍ തീര്‍പ്പാക്കാന്‍ കിടക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അദ്ധ്യക്ഷന്‍ ദഹല്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് എന്‍സിപി സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍ മണി ധാപ്പ പറഞ്ഞു. ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കണമെന്ന് ആവശ്യപ്പെട്ട് ശര്‍മ ഒലി സമീപിക്കുകയാണെങ്കില്‍ മൂന്നോ നാലോ ദിവസത്തെ സാവകാശം ആരായണമെന്ന് പ്രസിഡന്റിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് മറ്റ് നേതാക്കളുമായി ഒലി ചര്‍ച്ച നടത്തിയിട്ടില്ല. ബഡ്ജറ്റ് സെഷന്‍ പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് നീട്ടിയത് സ്വന്തം തീരുമാന പ്രകാരമാണ്.
കഴിഞ്ഞ ദിവസം രാത്രി ശര്‍മ്മ ഒലിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കുന്നത് സംബന്ധിച്ച് ദഹലും മറ്റ് നേതാക്കളും ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ലമെന്റ് നീട്ടിയതായി ശര്‍മ്മ ഒലി അറിയിച്ചത്. സക്രട്ടേറിയേറ്റ്, സ്റ്റാന്റിംഗ് കമ്മിറ്റി, സെന്‍ട്രല്‍ കമ്മിറ്റി എന്നിവിടങ്ങളിലെല്ലാം ഒലി ഒറ്റപ്പെട്ടെന്നും ധാപ്പ അറിയിച്ചു.
Post Your Comments