പാലാ: യു ഡി എഫ് മുന്നണി പുറത്താക്കിയ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലും ചേരി തിരിവും ഭിന്നതയും രൂക്ഷമാകുന്നു. എൽഡിഎഫിലേക്ക് പോകാനില്ലെന്ന് റോഷി അഗസ്റ്റിനും തോമസ് ചാഴിക്കാടനും പ്രഖ്യാപിച്ചു. ഇരുനേതാക്കളും നിലപാട് ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്. യുഡിഎഫ് നീക്കം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റോഷി അഗസ്റ്റിൻ ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി.
യുഡിഎഫിൽ നിന്ന് പുറത്തായെങ്കിലും തിരികെ മുന്നണിയിലേക്ക് പോകാനുള്ള ചർച്ചയ്ക്ക് ഇരുകൂട്ടരും തയാറാണെന്ന് ഇരുവരും പരസ്യമായി പറഞ്ഞിരുന്നു. ചർച്ചകൾ നടത്താനുള്ള വഴികൾ പൂർണമായും അടഞ്ഞിട്ടില്ലെന്ന് റോഷി അഗസ്റ്റിൻ പ്രതികരിച്ചിരുന്നു. അതേസമയം, നേതാക്കളുടെ വിയോജിപ്പിന്റെ പരസ്യ പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. എൽഡിഎഫിലേക്ക് പോയാൽ നിലവിൽ ലഭിക്കുന്ന ജനപിൻതുണ ലഭിക്കില്ലെന്നാണ് ജനപ്രതിനിധികൾ കൂടിയായ നേതാക്കൾ മുന്നോട്ട് വയ്ക്കുന്ന ആശങ്ക.
എന്നാൽ, യു ഡി എഫുമായുള്ള ഹൃദയ ബന്ധം അവസാനിച്ചുവെന്ന് ജോസ് കെ മാണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് എൽഡിഎഫുമായും ബിജെപിയുമായുള്ള ചർച്ചകൾ നടന്നു വരുന്നതിനിടെയാണ് റോഷി അഗസ്റ്റിനും തോമസ് ചാഴിക്കാടനും എൽഡിഎഫിലേക്കില്ലെന്ന് വിയോജിപ്പറിയിച്ചത്. എൽഡിഎഫിലേക്ക് പോകാൻ തീരുമാനിച്ചാൽ ഒപ്പം നിൽക്കില്ലെന്ന ഇവർ വ്യക്തമാക്കിയിരുന്നു. എൽഡിഎഫിലേക്ക് പോകാനുള്ള ജോസ് വിഭാഗത്തിന്റെ തീരുമാനത്തിനൊപ്പമാണ് എൻ. ജയരാജ് എംഎൽഎ.
Post Your Comments