തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് പക്ഷത്തെ പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുന്നണി നേതൃയോഗങ്ങളിൽ നിന്നു മാറ്റിനിർത്തിയിട്ടേയുള്ളൂവെന്നും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം രാജിവച്ച് അവർക്കു തിരിച്ചുവരാമെന്നും യുഡിഎഫ് നേതൃയോഗത്തിനുശേഷം അദ്ദേഹം വ്യക്തമാക്കി. ബെന്നി ബഹനാന്റെ വാക്കുകൾ പുറത്താക്കലായി വ്യാഖ്യാനിക്കപ്പെട്ടതാണ്. യുഡിഎഫിൽ തുടരാൻ അർഹതയില്ലെന്ന് പറഞ്ഞതിന്റെ അർത്ഥം പുറത്താക്കൽ അല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പരസ്പരം ബഹുമാനിച്ചും വിട്ടുവീഴ്ച ചെയ്തും അച്ചടക്കവും ഐക്യവും ഉയർത്തിപ്പിടിച്ചും മുന്നോട്ടുപോകുന്ന ശൈലിയാണ് യുഡിഎഫിന്റേത്. ഏതെങ്കിലും കക്ഷിയെ പുറത്താക്കുന്ന രീതി യുഡിഎഫിനില്ല. മുന്നണിയിൽ വൻകക്ഷി മേധാവിത്തമോ വല്യേട്ടൻ കളിയോ ഇല്ല. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വീതംവയ്ക്കാനായി ജോസ്, ജോസഫ് വിഭാഗങ്ങളുമായി ഉണ്ടാക്കിയ ധാരണ പാലിക്കാൻ നാലുമാസത്തോളം ശ്രമിച്ചു. എന്നാൽ യുഡിഎഫ് നേതൃത്വം അങ്ങനെ ഒരു ധാരണ തന്നെ ഉണ്ടാക്കിയിട്ടില്ലെന്ന സമീപനമായിരുന്നു ജോസ് വിഭാഗത്തിന്റേതെന്നും ചെന്നിത്തല വ്യക്തമാക്കി.
Post Your Comments