മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന മഹാരഷ്ട്രയിൽ പ്ലാസ്മ തെറാപ്പിയുടെ സാധ്യത തേടി ഉദ്ധവ് സർക്കാർ. കോവിഡ് ഭേദമായവരുടെ രക്തത്തില്‍ നിന്നു ശേഖരിക്കുന്ന പ്ലാസ്മ സെല്ലുകള്‍ രോഗികളുടെ ശരീരത്തില്‍ കുത്തിവയ്ക്കുന്ന കോണ്‍വാല്‍സെന്റ് പ്ലാസ്മ തെറാപ്പിക്കായി ‘പ്ലാറ്റിന’ എന്ന പേരിലാണു പദ്ധതി നടപ്പാക്കുക.
അതീവ ഗുരുതരാവസ്ഥയിലായ ഏകദേശം അഞ്ഞൂറോളം രോഗികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ചികിത്സ നല്‍കുന്നത്. 17 മെഡിക്കല്‍ കോളേജുകളിലായാണ് ചികിത്സ. രണ്ട് ഡോസ് വീതം 200 മില്ലി പ്ലാസ്മ വീതമാണ് രോഗികള്‍ക്ക് നല്‍കുക. പത്തില്‍ ഒമ്ബത് പേര്‍ക്ക് എന്ന തോതില്‍ പ്ലാസ്മാ തെറാപ്പി വിജയകരമായ സാഹചര്യത്തിലാണ് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് പ്ലാസ്മ തെറാപ്പി നല്കാന് തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 17 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. അതീവഗുരുതരാവസ്ഥയിലായ രോഗികളെ ജീവിതത്തിലേക്കു തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയ പ്ലാസ്മ ചികിത്സ പദ്ധതി ലോകത്തെ ഏറ്റവും ബൃഹത്തായതാണെന്ന് സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.
അതേസമയം, മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ അയ്യായിരത്തിലധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 5,257 പേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,69,883 ആയി.
കോവിഡ് ബാധിച്ച് ഇന്ന് 181 പേരാണ് മരിച്ചത്. ഇതുവരെ മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം 7,610 ആയി. നിലവില്‍ മഹാരാഷ്ട്രയിലെ കോവിഡ് മരണ നിരക്ക് 4.48 ശതമാനമാണ്. 73,298 പേരാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 88,960 പേര് ഇതുവരെ രോഗമുക്തരായി. തിങ്കളാഴ്ച മാത്രം രോഗമുക്തി നേടിയത് 2,358 പേരാണ്. രോഗമുക്തി നിരക്ക് 52.37 ശതമാനമാണ്.
മുംബൈയില്‍ മാത്രം തിങ്കളാഴ്ച റിപ്പോര്‍ട്ട ചെയ്യപ്പെട്ടത് 1226 കോവിഡ് കേസുകളാണ്. ഇതോടെ നഗരത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 76765 ആയി. തിങ്കളാഴ്ച 21 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 4463 ആയി. മുംബൈയിലെ ചേരിപ്രദേശമായ ധാരാവിയില്‍ 17 പുതിയ കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരാള്‍ മരിക്കുകയും ചെയ്തു. നിലവില്‍ 598 പേരാണ് ധാരാവിയില്‍ ചികിത്സയിലുള്ളതെന്നും ബൃഹന്മുംബൈ മുനിസിപ്പല്‍ കോര്പറേഷന് അറിയിച്ചു.
കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ജൂലായ് 31 വരെ ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
Post Your Comments