COVID 19KeralaLatest NewsNews

കുണ്ടറ താലൂക്ക് ആശുപത്രി: 8 നില ആശുപത്രി സമുച്ചയത്തിന് തറക്കല്ലിട്ടു

തിരുവനന്തപുരം: കുണ്ടറ താലൂക്ക് ആശുപത്രിയിലെ എല്ലാ ചികിത്സാ വിഭാഗങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന 8 നിലകളോട് കൂടിയ ആശുപത്രി സമുച്ചയത്തിന്റെ ശിലാ സ്ഥാപന ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സ് വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് പരമ്പരാഗത വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുണ്ടറ താലൂക്ക് ആശുപത്രി വികസനത്തിന് കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി 34.14 കോടി രൂപ കെട്ടിട നിര്‍മ്മാണത്തിനും 5.18 കോടി രൂപ ഉപകരണങ്ങള്‍ക്കുമായി ആകെ 39.31 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കെ.എസ്.ഇ.ബി.യെയാണ് സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി നിശ്ചയിച്ചിരിക്കുന്നത്.

കുണ്ടറ താലൂക്ക് ആശുപത്രിയില്‍ വലിയമാറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. 180 കിടക്കകള്‍ അധികമുള്ള എല്ലാവിധ ആധുനിക സംവിധാനങ്ങളും ഒത്തുചേരുന്ന മികച്ച ആശുപത്രിയായി കുണ്ടറ താലൂക്കാശുപത്രി മാറും. ഹൈ എന്‍ഡ് ട്രോമകെയര്‍ സംവിധാനമുള്ള അത്യാഹിത വിഭാഗം, ഓര്‍ത്തോ, ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍, ഒഫ്ത്താല്‍മോളജി, ഡെന്റല്‍ വിഭാഗങ്ങള്‍, 5 മെഡിക്കല്‍ ഐ.സി.യു., 5 സര്‍ജിക്കല്‍ ഐ.സി.യു., 2 മോഡേണ്‍ ഓപ്പറേഷന്‍ തിയേറ്റര്‍, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, മോഡേണ്‍ ലാബ് സൗകര്യങ്ങള്‍, എക്‌സറേ, മാമോഗ്രാഫി തുടങ്ങി ആവശ്യമായ ആധുനിക ചികിത്സകള്‍ എല്ലാം ഇവിടെ ലഭ്യമാകുന്നതാണ്. എത്രയും വേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ ജനകീയ അടിത്തറ മാതൃകയാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനം മികച്ചതാണ്. ഗ്രാമ-ബ്ലോക്ക് തലം, താലൂക്ക് തലം, ജില്ലാതലം, മെഡിക്കല്‍ കോളേജ് തുടങ്ങിയ 4 തലങ്ങളിലൂടെ ആരോഗ്യ രംഗം മികച്ച ആരോഗ്യ സേവനമാണ് നല്‍കുന്നത്. ആരോഗ്യ വകുപ്പ്, കിഫ്ബി എന്നിവയുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെ കെട്ടിട സമുച്ചയം യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button