
ഹൈദരാബാദ്: ഓഫീസിനുള്ളിൽ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത ഭിന്നശേഷിക്കാരിയായ യുവതിക്ക് ക്രൂരമർദ്ദനം. ആന്ധ്രയിലെ നെല്ലൂരിൽ ഇക്കഴിഞ്ഞ ജൂണ്‍ 27നാണ് സംഭവം നടന്നത്. യുവതിയെ ഇരുമ്പ് ദണ്ഡ് അടക്കം ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ സിസിറ്റിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
ആന്ധ്ര ടൂറിസം വകുപ്പിന് കീഴിലുള്ള ഹോട്ടലിലെ ഡെപ്യൂട്ടി മാനേജറായ ഭാസ്കറാണ് ഇയാളുടെ ഓഫീസിലെ കോൺട്രാക്റ്റ് ജീവനക്കാരിയായ ഉഷ എന്ന സ്ത്രീയെ ക്രൂരമായി മർദ്ദിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷാ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നാണ് നിർദേശം. ഇത് അവഗണിച്ച് ഭാസ്കർ മാസ്ക് ധരിക്കാതെ എത്തിയത് ഉഷ ചോദ്യം ചെയ്തതാണ് ഇയാളെ ചൊടിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.
യുവതിയെ ഇയാൾ ക്രൂരമായി മർദ്ദിക്കുന്നതും മറ്റ് ജീവനക്കാർ ഇയാളെ പിടിച്ചു മാറ്റുന്നതുമൊക്കെ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. മർദ്ദനമേറ്റ ഉഷ പിന്നീട് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Post Your Comments