തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായം നടത്തുന്നത് പ്രയാസരഹിതമാക്കുന്നതിനുള്ള കണ്‍സള്‍ട്ടന്‍സിക്കായി മേഖലയില്‍ അധികം പരിചയമില്ലാത്ത സ്ഥാപനത്തിനായി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നുവെന്ന ആരോപണവുമായി വി ഡി സതീശൻ എംഎൽഎ.
കെ.എസ്.ഐ.ഡി.സിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കാന്‍ കെ.പി.എം.ജിക്ക് ആറുമാസത്തേക്ക് കരാര്‍ നല്‍കിയ സര്‍ക്കാര്‍ അത് പിന്നീട് അഞ്ചുതവണകളായി വര്‍ഷങ്ങളോളം കരാറിന്റെ കാലാവധി നീട്ടിനല്‍കിയെന്ന് വിഡി സതീശന്‍ ആരോപിക്കുന്നു. 2017 മുതല്‍ പ്രതിമാസം 11.20 ലക്ഷം രൂപ ശമ്പളമായി കൈപ്പറ്റുന്ന ഇവര്‍ സംസ്ഥാനത്ത് വ്യവസായം ആയാസരഹിതമാക്കാന്‍ എന്ത് സംഭാവനയാണ് ചെയ്തതെന്ന് ഇതുവരെ വ്യക്തമല്ലെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. ഐ എ എസ് എടുത്തിട്ടും ചീഫ് സെക്രട്ടറിയായിട്ടും എന്ത് കാര്യം? അതിനെക്കാൾ കൂടുതൽ ശമ്പളം ആറുവർഷത്തെ പരിചയമുള്ള കൺസൾട്ടന്റിന് ലഭിക്കുമെന്നും സതീശൻ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം………………………………..
സെക്രട്ടറിയേറ്റിൽ കൺസൾട്ടൻസികളുടെ പെരുമഴക്കാലം.
സംസ്ഥാനത്ത് ബിസിനസ് നടത്തുന്നത് പ്രയാസരഹിതമാക്കാൻ ( ease of doing business ) കെ എസ് ഐ ഡി സി ക്ക് കൺസൾട്ടൻസി നൽകാൻ കെ പി എം ജി യെ ആറ് മാസത്തേക്ക് 31.1. 17 ൽ വ്യവസായ വകുപ്പ് നിയമിച്ചു. അതുൾപ്പെടെ ആറ് ഉത്തരവുകൾ സർക്കാർ ഇറക്കി. ( 5 തവണയായി 3 മാസം, 9 മാസം, മൂന്ന് പ്രാവശ്യം ഒരു വർഷത്തേക്ക് വീതം എന്ന നിലയിൽ കരാർ നീട്ടിക്കൊടുത്തു ). 2017 മുതൽ പ്രവർത്തിക്കുന്ന ഈ കൺസൾട്ടൻസി സംസ്ഥാനത്തെ വ്യവസായവും ബിസിനസും ആയാസരഹിതമാക്കാൻ എന്ത് സംഭാവനയാണ് ചെയ്തതെന്ന് ഇത് വരെ വ്യക്തമല്ല.
എന്നാൽ നാല് കൺസൾട്ടന്റുമാർക്ക് പ്രതിമാസം സർക്കാർ നൽകുന്ന ശമ്പളം 11.20 ലക്ഷം രൂപയാണ്. സെക്രട്ടറിയേറ്റിൽ സിവിൽ സർവ്വീസുകാരെക്കാൾ കൂടുതൽ ഇപ്പോൾ കൺസൾട്ടന്റുമാരാണ്. ഐ എ എസ് എടുത്തിട്ടും ചീഫ് സെക്രട്ടറിയായിട്ടും എന്ത് കാര്യം? അതിനെക്കാൾ കൂടുതൽ ശമ്പളം 6 വർഷത്തെ പരിചയമുള്ള കൺസൾട്ടന്റിന് ലഭിക്കും.
എന്താല്ലേ?
Post Your Comments