ആലപ്പുഴ: തോട്ടപ്പള്ളിയിൽ അടിഞ്ഞുകൂടിയ മണല്‍ വാരിമാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മന്ത്രി ജി സുധാകരൻ.തോട്ടപ്പള്ളിയിലെ സമരത്തിൽ പങ്കെടുത്തതിന് വി.എം സുധീരനെ വിമർശിച്ചെഴുതിയ കുറിപ്പിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വാരുന്ന മണലില്‍ 55% കരിമണല്‍ ഉണ്ട്. ഇത് കടപ്പുറത്ത് ഇട്ടാല്‍ കരിമണല്‍ കള്ളന്മാര്‍ ഇത് രാത്രി മോഷ്ടിച്ചോണ്ട് പോകും. പതിറ്റാണ്ടുകളായി മോഷ്ടിക്കുന്നു. തോട്ടപ്പള്ളിയിലെ കര്‍ഷക വിരുദ്ധ, കൂട്ടനാട് വിരുദ്ധ അഴിമതി സമരത്തിനും സ്വകാര്യ കരിമണല്‍ കൊള്ളയ്ക്കും അങ്ങേയ്ക്ക് കൂട്ട് നില്‍ക്കേണ്ടതായ ഒരു പ്രശ്നവും ഇവിടെ ഉണ്ടായിട്ടില്ല. പൊഴിയില്‍ അടിഞ്ഞ് കൂടിയ മണ്ണ് അല്ലാതെ തീരപ്രദേശത്തെ ഒരു തരിമണ്ണ് എടുക്കാന്‍ ഞാനോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമോ ആരെയും അനുവദിക്കില്ല. അതിന് വെളിയില്‍ നിന്നും ആരുടെയും സഹായവും ആവശ്യമില്ലെന്നും ജി സുധാകരൻ കൂട്ടിച്ചേർക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മുന്‍ കെ.പി.സി.സി പ്രസിഡൻ്റ്, എം.പി, എം.എല്‍.എ, മന്ത്രി, സ്പീക്കർ എന്നീ നിലകളിൽ പ്രവർത്തിച്ച മാന്യ സുഹൃത്ത് ശ്രീ വി.എം.സുധീരന്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് വിശ്രമ ജീവിതം നയിക്കുകയാണല്ലോ.. അദ്ദേഹത്തോട് ബഹുമാനവും ആദരവും ഉണ്ട്. എന്നാൽ ബഹുമാനിക്കുന്നവര്‍ക്ക് പോലും നെറ്റി ചുളിക്കേണ്ടിവരുന്ന പല പ്രവര്‍ത്തികളും പല വാക്കുകളും അദ്ദേഹത്തില്‍ നിന്നും ഉണ്ടായതിൽ ജനങ്ങള്‍ക്ക് അദ്ദേഹത്തോട് കടുത്ത നീരസം ഉണ്ട്.
അമ്പലപ്പുഴ മണ്ഡലത്തിലെ തോട്ടപ്പള്ളിയില്‍ ഇന്നലെ (ജൂണ്‍ 27 ന് ) 144 ന്‍റെ തണലില്‍ കരിമണൽ ഖനനത്തിന് എതിരെ അദ്ദേഹം സത്യാഗ്രഹം നടത്തിയതായി പത്ര വാര്‍ത്തയുണ്ട്. അതിനായി ഇറക്കിയ ഡി.സി.സിയുടെ നോട്ടീസില്‍ മന്ത്രി ജി.സുധാകരന്‍റെ വഞ്ചനയ്ക്ക് എതിരെയാണ് സമരം എന്ന് അച്ചടിച്ചതായി കണ്ടു. ഇത് അദ്ദേഹം എഴുതിയത് അല്ലെന്ന് അറിയാം. അദ്ദേഹത്തിന്‍റെ ആലപ്പുഴയിലെ വലം കൈ ആയ ഒരു മുന്‍ ഡി.സി.സി പ്രസിഡന്‍റ് എഴുതിയതാണെന്ന് അറിയുന്നു. ഈ എഴുത്തുകാരനില്‍ നിന്നും നന്മയൊന്നും ആലപ്പുഴക്കാര്‍ പ്രതീക്ഷിക്കാത്തത് കൊണ്ട് അത് അവിടെ നില്‍ക്കട്ടെ. ജി. സുധാകരൻ അമ്പലപ്പുഴയില്‍ കാട്ടുന്ന ‘വഞ്ചന’ കളെപ്പറ്റി ശ്രീ സുധീരനോ, ശ്രീ രമേശ് ചെന്നിത്തലയോ ഒന്നും വിശദീകരിച്ചതായി പത്രങ്ങളില്‍ കണ്ടില്ല.
ശ്രീ സുധീരന്‍റെ പ്രസംഗത്തിലെ മുഖ്യ കഥാപാത്രം സര്‍ സി.പി ആയിരുന്നു എന്ന് പത്രങ്ങളില്‍ കണ്ടു. പ്രഗത്ഭനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അദ്ദേഹം നയിക്കുന്ന കേരള സര്‍ക്കാരിനും സര്‍ സി.പി സിന്‍ഡ്രോം ആണെന്നാണ് അദ്ദേഹം കണ്ടെത്തിയിട്ടുള്ളത്.
ശ്രീ സുധീരന്‍ ചില കോണ്‍ഗ്രസ്സ് കാരില്‍ നിന്നും ചില കാര്യങ്ങളില്‍ വ്യത്യസ്തനായിരുന്നു. അതിൽ ബഹുമാനവും ഉണ്ട്. എന്നാല്‍ മാര്‍ക്സിസ്റ്റ് വിരോധത്തിന്‍റെ കാര്യത്തില്‍ അദ്ദേഹം ഏതൊരു പിന്തിരിപ്പന്‍ കോണ്‍ഗ്രസ്സു കാരനെയും കടത്തിവെട്ടുന്ന ആളാണ്. അതാണ് ചരിത്ര ബോധം ഇല്ലാതെ, സര്‍ സി.പിയെ മൂക്ക് മുറിച്ച് കേരളത്തില്‍ നിന്നും ഓടിച്ച പുന്നപ്ര – വയലാര്‍ സമരത്തിന്‍റെ നേതൃശക്തിയായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും, അതിന്‍റെ ഇന്ന് ഭാരതത്തിലെ സമുന്നത നേതാവുമായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനേയും ആലപ്പുഴയുടെ മണ്ണില്‍ വന്ന് നിന്ന് കൊണ്ട് ആക്ഷേപിച്ചത്. സര്‍ സി.പിക്ക് എതിരെ കൈയ്യില്‍ കിട്ടിയ ആയുധങ്ങളുമായി, ആകാശത്തെ പോലും കിടിലം കൊള്ളിച്ച ധീരതയുടെ പ്രതീകങ്ങളായി മാറിയ പുന്നപ്ര വയലാര്‍ സമര സേനാനികളെ സൃഷ്ടിച്ച അജയ്യമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിത്തിട്ട പിണറായ് മണ്ണില്‍ നിന്നും ചുവന്ന രാഷ്ട്രീയ താരകമായി ഉയര്‍ന്ന് വന്ന സഖാവ് പിണറായി വിജയനെ രാഷ്ട്രീയ സഭ്യതയില്ലാത്ത പ്രയോഗം കൊണ്ട് ചിത്രീകരിച്ച ശ്രീ സുധീരനെ ഓര്‍ത്തത്, ‘കേഴുക പ്രിയ നാടേ’ എന്ന പ്രസിദ്ധനായ അലന്‍ പെറ്റന്‍റെ നോവലിന്‍റെ തലക്കെട്ടിനെയാണ്. ഷെക്സ്പിയറുടെ പ്രസിദ്ധമായ ജൂലിയസ് സീസറില്‍ ഒരു പ്രയോഗം ഉണ്ട് ‘What a fall my Country Men’ ഞാന്‍ അത് ഇവിടെ ആവര്‍ത്തിക്കുന്നു. ‘എന്തൊരു അധപതനം എന്‍റെ രാജ്യ വാസികളെ’ ! സുധീരന്‍ അധപതിച്ചാല്‍ ഇത്രമാത്രം അധപതിക്കാന്‍ പാടില്ല.
തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനം അല്ല നടക്കുന്നത്, ഞങ്ങളുടെ സര്‍ക്കാര്‍ അതിന് ഉത്തരവിട്ടിട്ടില്ല, ഉത്തരവ് ഇടുകയും ഇല്ല. തീരദേശത്ത് ഒരിടത്തും കരിമണല്‍ ഖനനം കമ്മ്യൂണിസ്റ്റുകാരോ പിണറായി സര്‍ക്കാരോ സമ്മതിക്കില്ല. ആറാട്ടുപുഴയില്‍ സമരം നടത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അവിടെ. സ: എം.എ ബേബി നേതൃത്വം നല്‍കിയ സമരത്തിൽ ഞാനും ഉണ്ടായിരുന്നു. താങ്കളും വന്നിട്ടുണ്ട്. നമ്മുടെ കൂട്ടായ്മയായിരുന്നു.
തോട്ടപ്പള്ളിയില്‍ കടലിലേക്ക് വെള്ളം ഒഴുകണം, കുട്ടനാടിനെ രക്ഷിക്കണം. കുട്ടനാട് ആലപ്പുഴക്കാരുടെയും കേരളത്തിന്‍റെയും നെല്ലറയാണ്. പുറക്കാട് അടക്കം ഉള്ള അപ്പര്‍കുട്ടനാടിനെയും പ്രളയത്തില്‍ നിന്നും രക്ഷിക്കണം. അതിന് യു.ഡി.എഫ് സര്‍ക്കാര്‍ മടിച്ച് നിന്ന കര്‍ഷക സ്നേഹ നടപടികളാണ് ഞങ്ങള്‍ നടത്തുന്നത്.
പൊഴി മുഖത്ത് അടിഞ്ഞ മണല്‍ വാരിമാറ്റി ആഴവും വീതിയും കൂട്ടി വെള്ളം ഒഴുക്ക് ശക്തിപ്പെടുത്തണം. ഇതിനായി അടിഞ്ഞുകൂടിയ മണല്‍ വാരിമാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വാരുന്ന മണലില്‍ 55% കരിമണല്‍ ഉണ്ട്. ഇത് കടപ്പുറത്ത് ഇട്ടാല്‍ കരിമണല്‍ കള്ളന്മാര്‍ ഇത് രാത്രി മോഷ്ടിച്ചോണ്ട് പോകും. പതിറ്റാണ്ടുകളായി മോഷ്ടിക്കുന്നു. പല രാഷ്ട്രീയ നേതാക്കള്‍ക്കും, പ്രവര്‍ത്തകര്‍ക്കും, ഇവര്‍ക്ക് വേണ്ടി വാദിക്കുന്ന പല പത്രപ്രവര്‍ത്തകര്‍ക്കും വര്‍ഷങ്ങളായി അഴിമതി പണം കിട്ടുന്നുണ്ട്. ഇതില്‍ താങ്കള്‍ ഇല്ല എന്ന് ഉള്ളത് സത്യമാണ്. പക്ഷേ ആലപ്പുഴയിലെ കുറച്ച് മോശക്കാരായ ഒരു കൂട്ടം ആളുകളെ ചുറ്റും ഇരുത്തിക്കൊണ്ടാണ് താങ്കള്‍ സമരം ചെയ്തത്. ഈ മണലിലുള്ള കരിമണല്‍ ആവശ്യമായ പൊതു മേഖല സ്ഥാപനമാണ് കെ.എം.എം.എല്‍ ഉം കേന്ദ്ര സ്ഥാപനമായ ഐ.ആര്‍.ഇ യും എന്ന് അങ്ങേയ്ക്ക് അറിയാമല്ലോ. സ്വകാര്യ മേഖലയ്ക്ക് കൊടുക്കാതെ ഇത് സര്‍ക്കാര്‍ സ്ഥാപനം ഉപയോഗിക്കുന്നതാണോ കരിമണല്‍ കള്ളകടത്ത് ? താങ്കള്‍ക്ക് വിശകലനം തെറ്റി, മലയാള ഭാഷാ പ്രയോഗം തെറ്റി, കമ്മ്യൂണിസ്റ്റ് വിരോധവും പിണറായി വിരോധവും കാരണം ഞങ്ങളുടെ നന്മകള്‍ താങ്കള്‍ക്ക് കാണാന്‍ കഴിയുന്നില്ല.
ഇതില്‍ പൊതുമരാമത്ത് മന്ത്രിക്ക് പ്രത്യേകിച്ച് ഒരു റോളും ഇല്ല. ജില്ലയിലെ മറ്റ് മന്ത്രിമാര്‍ക്ക് ഉള്ള റോളെ ഉള്ളു. മന്ത്രി ശ്രീ കൃഷ്ണന്‍ കുട്ടിയുടെ വകുപ്പ് ആയ ഇറിഗേഷനാണ് ഇതിന്‍റെ ചുമതല. തോട്ടപ്പള്ളിയില്‍ നടത്തുന്നത് രാഷ്ട്രീയ സമരമാണ്. വലിയ വികസനങ്ങളാല്‍ നാടും നഗരവും സമൃദ്ധിനേടിയ അമ്പലപ്പുഴയില്‍ 2021 മേയിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്സില്‍ വലിയ മത്സരമാണ്. അരൂര്‍ എം.എല്‍.എ യ്ക്ക് ഇവിടെക്ക് പോരണം. ഒരു മുന്‍ ഡി.സി.സി പ്രസിഡന്‍റ്, ജനങ്ങള്‍ക്ക് ഇഷ്ടം ഇല്ലാത്തയാള്‍ ആയതിനാല്‍ (താങ്കളുടെ ആലപ്പുഴയിലെ വലം കൈ) ഇനി അമ്പലപ്പുഴ കൂടി പരീക്ഷിക്കാം എന്ന നിലപാടില്‍ ആണെന്ന് അറിയുന്നു. ഇപ്പോഴെത്തെ ഡി.സി.സി പ്രസ്ഡന്‍റ് ഇവിടെ മത്സരിച്ചിരുന്നു, ജയിച്ചില്ല. ഒന്നു കൂടി നോക്കാം എന്ന് കരുതുന്നതില്‍ തെറ്റില്ല. സമര രംഗത്ത് നിന്ന് സിനിമയിലെ പോലെ ഒളിച്ചൊടുന്നതായി ടെലിവിഷന്‍ വാര്‍ത്തയില്‍ കണ്ട ഒരു കോണ്‍ഗ്രസ്സ് സുഹൃത്ത് മത്സരിക്കാനായി കടുത്ത ജാതിയും മതവും പ്രചരിപ്പിച്ച് തുടങ്ങി. പുറക്കാട് പഞ്ചായത്ത് പ്രസിഡൻ്റിനും ഇതിനായി ന്യായമായ ആഗ്രഹം ഉണ്ടെന്ന് കേള്‍ക്കുന്നു. ഏതായാലും ഇവരുടെ രാഷ്ട്രീയ ആഗ്രഹം നടക്കുകയോ, നടക്കാതെ ഇരിക്കുകയോ ചെയ്യട്ടെ.. എന്നാല്‍ തോട്ടപ്പള്ളിയിലെ കര്‍ഷക വിരുദ്ധ, കൂട്ടനാട് വിരുദ്ധ അഴിമതി സമരത്തിനും സ്വകാര്യ കരിമണല്‍ കൊള്ളയ്ക്കും അങ്ങേയ്ക്ക് കൂട്ട് നില്‍ക്കേണ്ടതായ ഒരു പ്രശ്നവും ഇവിടെ ഉണ്ടായിട്ടില്ല. പൊഴിയില്‍ അടിഞ്ഞ് കൂടിയ മണ്ണ് അല്ലാതെ തീരപ്രദേശത്തെ ഒരു തരിമണ്ണ് എടുക്കാന്‍ ഞാനോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമോ ആരെയും അനുവദിക്കില്ല. അതിന് വെളിയില്‍ നിന്നും ആരുടെയും സഹായവും ആവശ്യമില്ല.
ഏതായാലും പോലീസ് പ്രഖ്യാപിച്ച 144 ൻ്റെ സംരക്ഷണയില്‍ ആണ് അങ്ങയുടെ സമരം നടന്നത് എന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തും. എന്‍റെ മണ്ഡലത്തില്‍ വന്ന് ഞങ്ങളെ ധന്യമാക്കിയതിന് ഞാന്‍ നന്ദി പറയുന്നു.
Post Your Comments