കോട്ടയം: കോട്ടയത്ത് നാൽപ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 27 കാരൻ അറസ്റ്റിൽ. മോർഫ് ചെയ്ത വീട്ടമ്മയുടെ നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് യുവാവ് പീഡനം നടത്തിയത്. പാല സ്വദേശി ആഷിശ് ജോസ് എന്ന ഇരുപത്തിയേഴുകാരനാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ അയൽവാസിയായ വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
പ്രവാസിയുടെ ഭാര്യയായ നാൽപ്പതുകാരി ഫേസ്ബുക്കിലിട്ട ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രതി നഗ്ന ചിത്രങ്ങൾ ഉണ്ടാക്കിയിരുന്നു. ഇത് കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ ഇരുപതാം തീയതി പാലാ ടൗണിലെ സപ്ലൈകോ ഓഫീസിന് സമീപം വച്ച് പ്രതി വീട്ടമ്മയെ കണ്ടിരുന്നു.
നഗ്ന ചിത്രങ്ങൾ കൈവശമുണ്ടെന്നും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി നിർബന്ധപൂർവം കാറിൽ കയറ്റികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. കാറിൽ വച്ചു തന്നെയായിരുന്നു പീഡനം. പിന്നാലെയാണ് ഇവർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
പ്രതിയായ ആഷിശ് നിരന്തരം ഫോണിൽ വിളിച്ച് അശ്ലീല ചുവയോടെ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. വീട്ടമ്മയുടെ പരാതിയിൽ കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു.
Post Your Comments